Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിൽ‌ മാറുന്നതിനു കൈക്കൂലി: തിരുവനന്തപുരം നഗരസഭ എൻജിനീയർ പിടിയിൽ

Bribe-Money-Rupee Representative Image

തിരുവനന്തപുരം∙ നഗരസഭയുടെ ഫോർട്ട് സോണൽ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയറെ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി. തിരുവന്തപുരം മേലാറന്നൂർ സ്വദേശിയും കോർപറേഷൻ ഫോർട്ട് സോണൽ അസിസ്റ്റന്റ് എൻജിനീയറുമായ ശിശുപാലനെയാണ്  വിജിലൻസ് വൈകിട്ട് നാലു മണിയോടെ ഓഫിസിൽ കൈക്കൂലിയുമായി പിടികൂടിയത്.  

നഗരസഭയിലെ കോൺട്രാക്ടറായ ലോറൻസ് വലിയതുറ കുരിശടിക്ക് സമീപം ഇന്റർലോക്ക്  പാകിയതിന്റെ ബിൽ മാറുന്നതിനു പ്രതി 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് മുൻപ് 5,000 രൂപ കൈപ്പറ്റുകയും ചെയ്തു. ബിൽ സബ്മിറ്റ് ചെയ്യണമെങ്കിൽ വീണ്ടും 10,000 രൂപ കൂടി നൽകണമെന്ന് പ്രതി നിർബന്ധിച്ചതിനെ തുടർന്ന് ലോറൻസ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. 

വിജിലൻസിന്റെ നിർദ്ദേശാനുസരണം സോണൽ ഓഫീസിൽ വച്ച് പണം കൈമാറുന്നതിനിടയിലാണ് പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ആർ.മഹേഷിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്‌പെക്ടർമാരായ റെജി, വിനുകുമാർ, സതികുമാർ, അനിൽകുമാർ, ഷാജികുമാർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

related stories