Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോളിബോളിൽ കേരളത്തിന് ഇരട്ടിമധുരം; തമിഴ്നാടിനെ തോൽപ്പിച്ച് പുരുഷടീമും ഫൈനലിൽ‌‌

Kerala-Volleyball-Men കോഴിക്കോട് നടക്കുന്ന ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിന്റെ സെമിയിൽ തമിഴ്നാടിനെതിരെ കേരളത്തിന്റെ സി. അജിത്ത് ലാലിന്റെ സ്മാഷ്. ചിത്രം: റസൽ ഷാഹുൽ

കോഴിക്കോട്∙ ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിൽ തമിഴ്നാടിനെ തോൽപിച്ച് കേരളത്തിന്റെ പുരുഷ ടീമും ഫൈനലിൽ. നേരിട്ടുള്ള സെറ്റുകൾക്കാണ് കേരളത്തിന്റെ വിജയം. കടുത്ത മൽസരത്തിലൂടെയാണ് കേരളം മൂന്നുസെറ്റുകളും നേടിയത്. സ്കോർ: 25– 22, 30–28, 25–22. ക്യാപ്റ്റൻ ജെറോം വിനീതിന്റെയും അജിത് ലാലിന്റെയും തകർപ്പൻ പ്രകടനമാണ് സെമിയിൽ തമിഴ്നാടിനെ മറികടക്കാൻ കേരളത്തിന് തുണയായത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന ഫൈനലിൽ റെയിൽവേയാണ് കേരളത്തിന്റെ എതിരാളികൾ.

Kerala-Volleyball-Men-2 കോഴിക്കോട്ട് ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിന്റെ സെമിഫൈനലിൽ തമിഴ്നാടിനെ തോൽപ്പിച്ച കേരള താരങ്ങൾ കാണികളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. ചിത്രം: റസൽ ഷാഹുൽ

മഹാരാഷ്ട്രയെ തോൽപിച്ച് റെയിൽവേ ഫൈനലിൽ കടന്നതോടെ വനിതാ വിഭാഗത്തിലും കേരളം–റെയിൽവേ ഫൈനലിന് അരങ്ങൊരുങ്ങി. നേരിട്ടുള്ള സെറ്റുകൾക്കാണ് മഹാരാഷ്ട്രയ്ക്കെതിരെ റെയിൽവേയുടെ വിജയം. സ്കോർ: 25–08, 25–14, 25–18. ബുധനാഴ്ച പുരുഷവിഭാഗം ഫൈനലിനു മുന്നോടിയായി മൂന്നു മണിക്കാണ് വനിതാ വിഭാഗം ഫൈനൽ. ഇന്നലെ നടന്ന സെമിയിൽ തമിഴ്നാടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് കേരള വനിതകൾ ഫൈനലിൽ കടന്നത്.