സ്പീക്കർ പിണറായിയുടെ എറാന്‍മൂളിയാകരുത്: വി.ടി.ബല്‍റാം

വി.ടി. ബൽറാം എംഎൽഎ നിയമസഭയ്ക്കു മുന്നിൽ.

തിരുവനന്തപുരം∙ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എറാന്‍മൂളിയാകരുതെന്നു വി.ടി.ബല്‍റാം എംഎല്‍എ. സ്പീക്കര്‍ ഭരണകക്ഷിയുടെ പിണിയാളാകരുത്. പി.ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെയ്തത് ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്യുന്നില്ലെന്നും സഭയിലെ കയ്യാങ്കളികള്‍ സൂചിപ്പിച്ചു ബല്‍റാം പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും തെറ്റിദ്ധാരണ വേണ്ടെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇന്ന് ഉന്നയിക്കാനാത്ത വിഷയം നാളെ ഉന്നയിക്കാം. ചെയറിന്റെ മുഖം മറച്ചുളള പ്രതിഷേധം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു സഭ ഇന്നത്തേക്കു പിരിഞ്ഞശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കു സര്‍ക്കാരിനു മറുപടിയില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന്റെ ജനാധിപത്യ അവകാശങ്ങള്‍ അനുവദിക്കുന്നില്ല. മണ്ണാര്‍ക്കാട്ടെ സഫീറിന്റെ വധത്തെ അപലപിക്കാന്‍പോലും മുഖ്യമന്ത്രി തയാറല്ല. തൃശൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം കാണാന്‍ പോലും ശ്രമിച്ചില്ല. ഷുഹൈബിന്റെ വധത്തില്‍ ഗൂഢാലോചനക്കാരെ പിടിക്കാന്‍ തയാറാകുന്നില്ലെന്നും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു നിയമസഭ ഇന്നു പിരിയുകയായിരുന്നു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ബഹളത്തെ തുടര്‍ന്നു ചോദ്യോത്തരവേള സ്പീക്കര്‍ നിര്‍ത്തിവച്ചിരുന്നു. ചോദ്യത്തരവേള റദ്ദാക്കി ശ്രദ്ധക്ഷണിക്കലിലേക്കു കടന്നെങ്കിലും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്കു പിരിയുകയായിരുന്നു.

മധു, സഫീര്‍ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടിസ് സ്പീക്കര്‍ പരിഗണിച്ചില്ല. അംഗങ്ങള്‍ സ്പീക്കറുടെ മുന്നിലെത്തി പ്രതിഷേധിച്ചു. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി.