പണമിടപാട് കേസ്: പി.ചിദംബരത്തിന്റെ മകൻ കാർത്തി അറസ്റ്റിൽ

ചെന്നൈ∙ പണദുർവിനിയോഗം തടയൽ സംബന്ധിച്ച ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അറസ്റ്റിൽ. ചെന്നൈ വിമാനത്താവളത്തിൽവച്ച് ഇന്നു രാവിലെ സിബിഐയാണ് കാർത്തിയെ അറസ്റ്റു ചെയ്തത്. കേസിൽ കാർത്തിയുടെ ഓഡിറ്റർ ഭാസ്കര രാമനെ ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2007ല്‍ ഐഎൻഎക്സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങൾ മറികടന്നെന്നാണ് കാർത്തിക്കെതിരായ ആരോപണം. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാർത്തിക്കെതിരായ ആരോപണം ഉണ്ടാകുന്നത്. കാര്‍ത്തി ചിദംബരം ഐഎന്‍എക്സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ചിദംബരത്തിന്‍റേയും കാര്‍ത്തി ചിദംബരത്തിന്‍റേയും ചെന്നൈയിലെ വീടുകളില്‍ സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു.

ഐഎൻഎക്സ് മീഡിയയിൽനിന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണം അട്ടിമറിക്കുന്നതിനായി കാർത്തി 3.5 കോടി രൂപ കോഴവാങ്ങിയതായി സിബിഐ അറിയിച്ചു.