ചുട്ടുപൊള്ളിക്കും, ഇക്കുറി വേനൽ; പാലക്കാട് താപനില 40 ഡിഗ്രി

തിരുവനന്തപുരം∙ ഇത്തവണ വേനൽ ചുട്ടുപൊള്ളും. കേരളത്തിൽ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ശരാശരി ചൂട് 0.5 ഡിഗ്രി വരെ കൂടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഈ മൂന്നുമാസം കുറഞ്ഞ താപനിലയിലും വർധനയുണ്ടാകും. വേനൽമഴ തുടങ്ങാൻ ഏപ്രിൽ പകുതി കഴിയും.

കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷമായി വേനൽക്കാലത്തെ ചൂട് വർധിച്ചിരുന്നു. 2016ൽ മലമ്പുഴയിൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയത്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു ശരിയായാൽ ഇത്തവണ കേരളം 42 ഡിഗ്രി ചൂട് അനുഭവിക്കേണ്ടിവരും.

കുറഞ്ഞ താപനിലയിൽ 0.74 ഡിഗ്രി വരെ വർധനയുണ്ടാകുമെന്നാണു പ്രവചനം. അതായത്, രാത്രിയിലും അതിരാവിലെയുമൊന്നും ചൂടിനു കാര്യമായ ആശ്വാസം പ്രതീക്ഷിക്കേണ്ട. ചൂടു വർധിക്കുന്നതിനൊപ്പം ശുദ്ധജലക്ഷാമവും ആരോഗ്യപ്രശ്നങ്ങളും രൂക്ഷമാകും. ഏതാനും വർഷങ്ങളായി സൂര്യാഘാതം മൂലം പൊള്ളലേൽക്കുന്ന സംഭവങ്ങൾ കേരളത്തിൽ വ്യാപകമായിരുന്നു. വൈദ്യുതി ഉപയോഗം വർധിക്കുന്നതോടെ ഊർജ പ്രതിസന്ധിക്കും സാധ്യതയുണ്ട്.

അതേസമയം, വടക്കേ ഇന്ത്യയിലെ ചൂടിന്റെ കണക്കു നോക്കിയാൽ കേരളത്തിന് ഇത്തിരി ആശ്വസിക്കാം. ജമ്മു കശ്മീർ ഉൾപ്പെടെ വടക്കൻ സംസ്ഥാനങ്ങളിൽ ഇത്തവണ രണ്ടു ഡിഗ്രി വരെ ചൂടുകൂടാമെന്നാണു പ്രവചനം.

പാലക്കാട് 40 ഡിഗ്രി

പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ. സംസ്ഥാനത്ത് ഈ വർഷം രേഖപ്പെടുത്തുന്ന ഉയര്ന‍്ന ചൂടാണിത്. മുണ്ടൂരിലാണു 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.