Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതി വിമർശനം: ‘ഫീനിക്സ് പക്ഷി പോസ്റ്റ്’ കലക്ടർ അനുപമ പിൻവലിച്ചു

tv-anupama ആലപ്പുഴ ജില്ലാ കലക്ടർ ടി.വി. അനുപമ

ആലപ്പുഴ∙ ഹൈക്കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ നിലപാടു വിശദീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടർ ടി.വി. അനുപമ സമൂഹമാധ്യത്തിൽ പങ്കു വച്ച പോസ്റ്റ് പിൻവലിച്ചു. ഇന്ന് ഉച്ചയോടെയാണ് പിൻവലിച്ചത്. ഉച്ചവരെ 2000 പേർ ലൈക്ക് ചെയ്തിരുന്നു. ഇംഗ്ലിഷ് കവയത്രി നിഖിത ഗില്ലിന്റെ വരികൾ ഉദ്ധരിച്ചാണ് കലക്ടർ കുറിപ്പ് പോസ്റ്റ് ചെയ്തത്. തോല്‍പിക്കാനും മുറിവേല്‍പിക്കാനും അപമാനിക്കാനും കഴിയുമായിരിക്കും. പക്ഷെ ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേൽക്കുമെന്നായിരുന്നു പോസ്റ്റ്.

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തിൽ അനുപമയ്ക്കെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. തോമസ് ചാണ്ടിക്ക് കലക്ടർ നൽകിയ രണ്ടു നോട്ടിസുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. നോട്ടിസ് നൽകിയത് തെറ്റായ സർവേ നമ്പരിലാണെന്നു കോടതി കണ്ടത്തി. ഇക്കാര്യം കലക്ടറും അംഗീകരിച്ചു. ഇതോടെ, കലക്ടർ എന്തുജോലിയാണു ചെയ്യുന്നതെന്നു കോടതി ചോദിച്ചിരുന്നു. ‌ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ അനുപമയുടെ പോസ്റ്റ്.

നോട്ടിസിലെ തെറ്റ് എങ്ങനെ വന്നുവെന്ന് അന്വേഷിക്കും

ടൂറിസം കമ്പനിക്കു നൽകിയ നോട്ടിസിൽ എങ്ങനെ തെറ്റു വന്നുവെന്ന് അന്വേഷിക്കുമെന്നു ജില്ലാ കലക്ടർ ടി.വി. അനുപമ നേരത്തെ പറഞ്ഞിരുന്നു. തിരുത്തിയ നോട്ടിസാണു രണ്ടാമതു നല്‍കിയത്. ആദ്യത്തെ നോട്ടിസ് പിന്‍വലിക്കാന്‍ തയാറായിരുന്നു. സര്‍വേ നമ്പറിലെ തെറ്റ് ആദ്യ നോട്ടിസില്‍ അറിയാതെ സംഭവിച്ചതല്ല. ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിച്ചതാകാം.

തെറ്റു വന്നതില്‍ സംശയാസ്പദമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണം നടത്തും. രണ്ടാമത്തെ നോട്ടിസിലെ സര്‍വേ നമ്പറില്‍ തെറ്റു സംഭവിച്ചിട്ടില്ല. ഉത്തരവു കിട്ടിയ ശേഷം ഇതു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. രണ്ടാമത്തെ നോട്ടിസും തെറ്റാണ് എന്നാണ് കോടതി മനസ്സിലാക്കിയതെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു.