ലോക ശതകോടീശ്വരൻമാരിൽ ബെസോസ് ഒന്നാമത്; നൂറു ബില്യനിൽ ‘തൊടുന്ന’ ആദ്യ വ്യക്തി

ന്യൂഡൽഹി∙ ഫോബ്സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. 110 ബില്യൻ ഡോളറിന്റെ (ഏകദേശം 7.15 ലക്ഷം കോടി രൂപ) സ്വത്തുക്കളുമായാണ് ജെഫ് ഒന്നാം സ്ഥാനത്തെത്തിയത്. 100 ബില്യനിലധികം ഡോളർ സമ്പാദ്യത്തോടെ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ബെസോസ്. ഇന്ത്യൻ വ്യവസായിയും റിലയൻസ് ഇൻഡ്രസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 2.5 ലക്ഷം കോടി (40 ബില്യൻ ഡോളർ) സ്വത്തുമായി 19–ാം സ്ഥാനത്തുണ്ട്.

Read: ആമസോണിന്റെ വിജയകഥ; ജെഫ് ബെസോസ് എന്ന ലോകകോടീശ്വരന്റെയും

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (90 ബില്യൻ ഡോളർ) രണ്ടാം സ്ഥാനത്തും നിക്ഷേപഗുരു വാറൻ ബഫറ്റ് (84 ബില്യൻ ഡോളർ) മൂന്നാമതും ബെർനാട് അർനോൾട്ടും കുടുംബവും (72 ബില്യൻ ഡോളർ) നാലാം സ്ഥാനത്തും ഫെയ്സ്ബുക് സ്ഥാപകൻ മാർക് സുക്കർബർഗ് (71 ബില്യൻ ഡോളർ) അഞ്ചാം സ്ഥാനത്തുമാണ്. 3.1 ബില്യൻ ഡോളർ (ഏകദേശം 20000 കോടി) സ്വത്താണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുള്ളതെന്നും ഫോബ്സ് വ്യക്തമാക്കുന്നു. 32000 കോടി രൂപയുടെ (5 ബില്യൻ ഡോളർ) സ്വത്തുക്കളുമായി ലുലൂ ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഫോബ്സിന്റെ പട്ടികയിൽ ഇടം നേടിയവരിൽ അധികവും പുരുഷന്മാരാണെങ്കിലും വനിതകളും പിന്നിലല്ല. വാൾമാർട്ട് ശൃംഖലയുടെ മേധാവി ആലിസ് വാൾട്ടൺ (46 ബില്യൻ ഡോളർ) പട്ടികയിൽ 16–ാം സ്ഥാനത്തുണ്ട്. ലോറിയൽ മേധാവി ഫ്രാൻസിസ് ബെറ്റൻകോർട്ട് മെയേസ്, ബിഎംഡബ്ല്യു സഹ ഉടമ സുസെയ്ൻ ക്ലാറ്റൻ, മാർസ് സഹ ഉടമ ജാക്വലിൻ മാർസ് എന്നിവരും പട്ടികയിൽ ഇടം പിടിച്ചു.

Read: ജെഫ് ബെസോസ് ഒരു അസാധാരണ സംരംഭകൻ

ജെഫ് ബെസോസ് മഹാകോടീശ്വരൻ

ജെഫ് ബെസോസിന് ആമസോണിന്റെ 17 ശതമാനം ഓഹരികളാണു സ്വന്തമായുള്ളത്. ലോകത്തെ ഏറ്റവും വലിയ ഓണ്‍ൺലൈന്‍ വ്യാപാരക്കമ്പനിയായ ആമസോണിനെക്കൂടാതെ ബ്ലൂ ഒറിജിൻ എന്ന റോക്കറ്റ് ബിസിനസും വാഷിങ്ടൺ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്. 2013ലാണ് അദ്ദേഹം വാഷിങ്ടൺ പോസ്റ്റ് സ്വന്തമാക്കിയത്. വാഷിങ്ടൺ ഡിസിയിലെ പുരാതനമായ ടെക്സ്റ്റൈൽ മ്യൂസിയം കഴിഞ്ഞ വർഷമാദ്യം ബെസോസ് സ്വന്തമാക്കിയിരുന്നു. 2.3 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്. സിയാറ്റിലിലും ബവർലി ഹിൽസിലുമാണ് ബെസോസിന്റെ മറ്റ് ആഡംബര വസതികള്‍.