നടിക്കെതിരായ ആക്രമണം: ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

നടൻ ദിലീപ് (ഫയല്‍ ചിത്രം)

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണു ഹർജി. ഫോണ്‍രേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് ഉടൻ നല്‍കും. 

യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി നടൻ ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ നൽകാനാവില്ലെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച കോടതി ദിലീപിന്റെ ഹർജി അന്ന് തള്ളുകയും ചെയ്തു.

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണു ദിലീപിന്റെ വാദം. വിചാരണയ്ക്കു മുൻപ് എല്ലാ തെളിവുകളും ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങൾ ആവശ്യപ്പെട്ടു ഹർജി നൽകിയത്. കേസിലെ മറ്റു രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോൺ വിവരങ്ങളും പ്രതികൾക്കു നൽകിയിരുന്നു.