ഭാര്യയുടെ പരാതി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനക്കേസ്

മുഹമ്മദ് ഷമിയും ഭാര്യയും

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യയുടെ പരാതിയിൽ കൊൽക്കത്ത പൊലീസ് കേസെടുത്തു. ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. വ്യാഴാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ലാൽ ബസാർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഷമിക്കു മറ്റു സ്ത്രീകളുമായി അതിരുവിട്ട ബന്ധമുണ്ടെന്നും ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ ആരോപണമുണ്ട്.

ഹസിൻ ജഹാന്റെ പരാതി ജാദവ്പുർ പൊലീസിനു കൈമാറിയതായി ജോയിന്റ് കമ്മീഷണർ പ്രവീണ്‍ ത്രിപാഠി പറഞ്ഞു. അതേസമയം, ഷമിയുടെ സുഹൃത്തുക്കളും ബന്ധുക്കളും തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരെ പരാതി നൽകിയതിനാൽ അക്കൗണ്ടിൽ കയറാൻ സാധിക്കുന്നില്ലെന്ന് ഹസിന്‍ പറഞ്ഞു. സമ്മതമില്ലാതെ തന്റെ പോസ്റ്റുകൾ ഒഴിവാക്കിയ ഫെയ്സ്ബുക്ക് അധികൃതരുടെ നടപടികളെയും അവർ വിമർശിച്ചു.

2014ൽ വിവാഹം നടന്നതു മുതൽ ഷമി ഹസിൻ ജഹാനോട് ക്രൂരമായാണ് പെരുമാറുന്നതെന്ന് അവരുടെ അഭിഭാഷകൻ സക്കീർ ഹുസൈൻ പറഞ്ഞു. എന്നാൽ വിവാഹബന്ധത്തിൽ തകരാർ‌ ഉണ്ടാകാതിരിക്കാൻ അവർ എല്ലാം സഹിച്ചു. എന്നിട്ടും ഷമിയും കുടുംബവും ഹസിനോട് മോശമായി പെരുമാറുന്നതു തുടർന്നു. ഷമിയുടെ വിവാഹേതര ബന്ധങ്ങൾ പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ വിവാഹ ബന്ധം വേർപെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സക്കീർ ഹുസൈൻ പറഞ്ഞു. ധർമശാലയിൽ നടന്ന ദിയോദർ‌ ട്രോഫി മൽസരത്തിനു ശേഷം ഷമി ജാദവ്പുരിലെ വീട്ടിലേക്കു മടങ്ങിയിട്ടില്ല. യുപിയിലെ പിതാവും മാതാവും താമസിക്കുന്ന വീട്ടിലാണ് താരമുള്ളത്.

ഭാര്യയുടെ പരാതിയുയർ‌ന്നതോടെ മുഹമ്മദ് ഷമിയെ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ (ബിസിസിഐ) ഏറ്റവും പുതിയ വേതന കരാറിൽനിന്ന് പുറത്താക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഷമി തെറ്റുകാരനല്ലെന്നു കണ്ടെത്തിയാൽ അദ്ദേഹത്തെ കരാറിൽ ഉൾപ്പെടുത്തുമെന്ന് ബിസിസിഐ അറിയിച്ചു. ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് ഷമിയുെട ഭാര്യ ഹസിൻ ജഹാൻ അഭിമുഖം നൽകിയിരുന്നു. തൊട്ടുപിന്നാലെ സമൂഹമാധ്യമത്തിലെ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ടും ഫോട്ടോകളും അവർ പുറത്തുവിടുകയും ചെയ്തു.