ആണവ പരീക്ഷണം നിർത്താമെന്ന് കിം ജോങ്; കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ച് ട്രംപ്

വാഷിങ്ടൻ∙ കൂടിക്കാഴ്ച നടത്തുന്നതിനുള്ള ഉത്തരകൊറിയൻ ക്ഷണം സ്വീകരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ട്രപും തമ്മിൽ മേയിൽ കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസും ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷ ഉപദേഷ്ടാവും സംയുക്തമായാണു വിവരം അറിയിച്ചത്.

ദക്ഷിണ കൊറിയൻ പ്രതിനിധികളുടെയും പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെയും നല്ലവാക്കുകളെ പ്രസിഡന്റ് ട്രംപ് അഭിനന്ദിക്കുന്നു. കിം ജോങ്ങുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് തയാറാണ്. ഉത്തര കൊറിയ ആണവപരീക്ഷണം നിർത്തിവയ്ക്കുന്നതിലേക്കാണ് ഞങ്ങളുടെ ശ്രദ്ധ. അതേസമയം, ഉത്തര കൊറിയയ്ക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിലും സമ്മർദത്തിലും മാറ്റമുണ്ടായിരിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്ന് കിം ജോങ് ഉന്‍ ദക്ഷിണ കൊറിയൻ പ്രതിനിധികളെ അറിയിച്ചിരുന്നു. അവർ വൈറ്റ് ഹൗസിന് കിമ്മിന്റെ സന്ദേശം കൈമാറുകയായിരുന്നു. ആണവ പരീക്ഷണം താൽക്കാലികമായി നിർത്തി വയ്ക്കുന്നതിനുള്ള സന്നദ്ധതയും കിം അറിയിച്ചിരുന്നു. യുഎസും ദക്ഷിണ കൊറിയയും ഈ വർഷം നടത്താനിരിക്കുന്ന സംയുക്ത സൈനികാഭ്യാസം തുടരുമെന്ന് തങ്ങൾക്ക് അറിയാമെന്നും കിം പറഞ്ഞു.

ട്രംപിനെ എത്രയും വേഗം കാണുന്നതിനുള്ള സന്നദ്ധത കിം അറിയിച്ചതായി ദക്ഷിണകൊറിയൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ചുഭ് ഉയ്–യോങ് ഫറഞ്ഞു. ഉത്തരകൊറിയയുമായി ചർച്ച നടത്തുന്നതിനുള്ള സന്നദ്ധത ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ആണവപരീക്ഷണം നിർത്തിവയ്ക്കാമെങ്കിൽ മാത്രമേ ചർച്ചയുണ്ടാകൂവെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.