ലൈറ്റ് മെട്രോ ഉപേക്ഷിക്കില്ല, സാമ്പത്തികം ഇല്ലാത്തതാണു ത‍ടസ്സം: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ലൈറ്റ് മെട്രോ പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ടു പോകും. പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി തുടങ്ങാൻ തടസ്സമാകുന്നതു സാമ്പത്തികമാണ്.‌

ഇ. ശ്രീധരൻ ഉദ്ദേശിക്കുന്ന അതേ വേഗത്തിൽ സർക്കാരിനു നീങ്ങാൻ കഴിയുന്നില്ല. കേന്ദ്രാനുമതി കിട്ടിയതിനുശേഷം നിർമാണം തുടങ്ങിയാൽ മതിയെന്നാണു സർക്കാരിന്റെ നിലപാട്. തിരക്കുണ്ടായിരുന്നതിനാലാണു ശ്രീധരൻ ആവശ്യപ്പെട്ടപ്പോൾ കാണാൻ കഴിയാതിരുന്നതെന്നും പിണറായി പറഞ്ഞു.

അതേസമയം, ഓടിച്ചത് ലൈറ്റ് മെട്രോയെ അല്ല ശ്രീധരനെ തന്നെയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനു വേണ്ടി ഇടതു സർക്കാർ കൗശലപൂർവം കരുക്കൾ നീക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, ലാഭത്തിലല്ലെന്നു കരുതി കെഎസ്ആർടിസി പൂട്ടുമോയെന്ന് കെ. മുരളീധരൻ എംഎൽഎ ചോദിച്ചു. വിഷയത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകി സംസാരിക്കുകയായിരുന്നു ഇരുവരും.