Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെട്ടാൽ എന്തിനു ബീഫ് നിരോധിക്കണം: നയം വ്യക്തമാക്കി ബിജെപി

Sunil-Deodhar സുനിൽ ദേവ്ധർ വാർത്താസമ്മേളനത്തിൽ.

അഗർത്തല∙ അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ത്രിപുരയിൽ നയം വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ത്രിപുരയിൽ ബിജെപി വിജയത്തിനു ചുക്കാൻ പിടിച്ച ആർഎസ്എസ് പ്രവർത്തകൻ സുനിൽ ദേവ്ധർ പറഞ്ഞു .

‘ഒരു സംസ്ഥാനത്തെ ജനങ്ങളെല്ലാം ബീഫിനെതിരെയാണെങ്കിൽ അത് ബിജെപി ഇടപെട്ടു നിരോധിക്കാൻ സാധ്യതയേറെയാണ്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കു ദൈനംദിന ഭക്ഷണത്തിൽത്തന്നെ ബീഫ് ഒഴിവാക്കാനാകാത്തതാണ്. അങ്ങനെയൊരിടത്ത് ഒരിക്കലും ബീഫ് നിരോധിക്കാൻ സർക്കാരിനാകില്ല’– വാർത്താസമ്മേളനത്തിൽ സുനിൽ പറഞ്ഞു. 

ബീഫ് നിരോധനം സംബന്ധിച്ചു കഴിഞ്ഞ വർഷം മേഘാലയയിൽ ബിജെപിക്കെതിരെ വൻ പ്രചാരണമുണ്ടായിരുന്നു. രാജ്യത്തു ബീഫ് നിരോധനം ഏർപ്പെടുത്താൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു അത്. ഗാരോ ഹിൽസിലായിരുന്നു ശക്തമായ പ്രതിഷേധം. അന്നു ബിജെപിയിൽ നിന്നു തന്നെ പലരും ബീഫ് വിഷയത്തിൽ രാജി വയ്ക്കുകയും ചെയ്തു.  മേഘാലയയിൽ ബീഫ് നിരോധിക്കില്ലെന്ന പ്രസ്താവനയുമായി ബിജെപി നേതാക്കൾക്കു തന്നെ രംഗത്തിറങ്ങേണ്ടി വന്നു.

2018ലെ ബിജെപി തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്ന് ബീഫ് നിരോധിക്കില്ല എന്നതായിരുന്നു. ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്നും ബിജെപി അന്നു വ്യക്തമാക്കി. അതിനിടെയാണു ത്രിപുരയിലും ബിജെപി ബീഫ് നിരോധനത്തിനു ശ്രമിക്കുമെന്ന ആരോപണങ്ങളുണ്ടായത്. ഈ സാഹചര്യത്തിൽ സുനിൽ ദേവ്ധർ തന്നെ നയം വ്യക്തമാക്കി രംഗത്തു വരികയായിരുന്നു.

‘ക്രിസ്ത്യൻ–മുസ്‌ലിം വിഭാഗക്കാരാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും. ഹിന്ദുക്കളിൽ ഒരു വിഭാഗവും ഇവിടെ മാംസഭക്ഷണം കഴിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് ബീഫ് നിരോധിക്കാനില്ലെന്നു പാർട്ടി വ്യക്തമാക്കുന്നത്’– ദേവ്ധർ പറഞ്ഞു.

രാജ്യത്ത് ഏറ്റവുമധികം ബീഫ് കഴിക്കുന്ന 10 സംസ്ഥാനങ്ങളിൽ വടക്കുകിഴക്കൻ രാജ്യങ്ങളാണു മുൻപന്തിയില്‍. മേഘാലയയിൽ മാത്രം ജനസംഖ്യയിൽ 81 ശതമാനവും ബീഫ് കഴിക്കുന്നവരാണ്. 

related stories