പെൻഷൻ കിട്ടാത്തത് കർമഫലം കൊണ്ട്: കെഎസ്ആർടിസിക്കാരെ വിമർശിച്ച് ഗണേഷ്കുമാർ

പുനലൂർ ∙ കെഎസ്ആര്‍ടിസി പെന്‍ഷൻകാരെ അവഹേളിച്ചുകൊണ്ടുള്ള കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ പ്രസംഗം വിവാദത്തിൽ. ജോലി ചെയ്ത കാലത്തെ കര്‍മഫലം കൊണ്ടാണ് പെന്‍ഷന്‍ കിട്ടാത്തതെന്നായിരുന്നു ഗണേഷിന്റെ പരിഹാസം. പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്യവേ തിങ്കളാഴ്ചയായിരുന്നു മുന്‍ഗതാഗതമന്ത്രി കൂടിയായ ഗണേഷിന്റെ പരാമര്‍ശം. പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നു.

കൈകാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാതിരിക്കുന്നതു കര്‍മഫലമാണെന്നായിരുന്നു ഗണേഷ് പറഞ്ഞത്. ജീവിതത്തിന്റെ ഭൂരിഭാഗവും കെഎസ്ആർടിസിക്കൊപ്പം ചിലവഴിച്ച ജീവനക്കാർക്കെതിരെയുള്ള ഗണേഷിന്റെ പരിഹാസം വലിയ വിമർശനങ്ങൾക്കാണു വഴിതെളിച്ചത്. കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ ബാധ്യസ്ഥനായിരുന്ന മുൻമന്ത്രി തന്നെ പെൻഷൻകാരെ അവഹേളിച്ചത് അനുചിതമാണെന്നും പെൻഷൻകാർ വിമർശനമുന്നയിക്കുന്നു.