സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ചോദ്യപേപ്പർ ചോർന്നു; നിഷേധിച്ച് അധികൃതർ

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ അക്കൗണ്ടൻസി ചോദ്യപേപ്പർ ചോർന്നു. വാട്സാപ്പ് വഴിയാണു ചോദ്യപേപ്പർ പുറത്തുവന്നതെന്നു കരുതുന്നു. സംഭവത്തിൽ സിബിഎസ്ഇ ഉദ്യോഗസ്ഥർക്കു പങ്കുള്ളതായി സംശയമുയർന്നിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നതായി ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു.

രണ്ടാം സെറ്റിലെ ചോദ്യപേപ്പറുമായി യോജിക്കുന്നവയാണു പുറത്തുവന്നിരിക്കുന്നത്. വാട്സാപ്പിലൂടെ പ്രചരിച്ച ചോദ്യപേപ്പറിന്റെ പകർപ്പു മന്ത്രിക്കും ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു ചോർച്ച കണ്ടെത്തിയത്. ബുധനാഴ്ച മുതൽതന്നെ ചോദ്യപേപ്പറുകളുടെ പകർപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

എന്നാൽ, ചോദ്യപേപ്പർ ചോർന്നെന്ന വാർത്ത സിബിഎസ്ഇ അധികൃതർ നിഷേധിച്ചു. എല്ലാ സെന്ററുകളിലും സീലുകൾ യഥാസ്ഥിതിയിലായിരുന്നു. ചോർന്നെന്ന പ്രചാരണം വഴി തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടുമെന്നും സിബിഎസ്ഇ ആവശ്യപ്പെട്ടു.