ചെലവു ചുരുക്കൽ ശുപാർശകൾ തള്ളി; എംഎൽഎമാരുടെ അപകട ഇൻഷുറൻസ് 20 ലക്ഷം

തിരുവനന്തപുരം∙ മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനുദ്ദേശിക്കുന്ന ‘ദ പേയ്മെന്റ് ഓഫ് സാലറീസ് ആൻഡ് അലവന്‍സെസ് (അമെന്‍ഡ്മെന്റ്) ബില്‍, 2018’ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. നിലവിലുള്ള ആനുകൂല്യങ്ങളില്‍ വലിയ വര്‍ധന വരുത്തുന്നതിനോടൊപ്പം സാമാജികര്‍ക്ക് അസംബ്ലി കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനു വിമാനയാത്രാക്കൂലി ഇനത്തില്‍ 50,000 രൂപ അനുവദിക്കുന്നതിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ എത്ര കാലയളവിലേക്കാണെന്നു പറയുന്നില്ല. 5,25,75,576 രൂപയാണ് എല്ലാ ശുപാര്‍ശകളും നടപ്പിലാക്കാന്‍ അധികമായി കണ്ടെത്തേണ്ടത്. ഏപ്രില്‍ ഒന്നിനു പുതിയ ആനുകൂല്യങ്ങള്‍ നടപ്പിലാകും.

സാമാജികരുടെ ശമ്പള - ആനുകൂല്യ വര്‍ധനയെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണു ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ചെലവു ചുരുക്കാനായി ജസ്റ്റിസ് ജയിംസ് നല്‍കിയ ശുപാര്‍ശകളില്‍ പലതും സര്‍ക്കാര്‍ തള്ളി. സാമാജികര്‍ക്കു പരിധിയില്ലാതെ മെഡിക്കല്‍ അലവന്‍സ് നല്‍കരുതെന്നും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും ജ.ജയിംസ് ശുപാര്‍ശ ചെയ്തിരുന്നു. ഇതു നടപ്പിലാക്കിയിരുന്നെങ്കില്‍ സാമാജികര്‍ മെഡിക്കല്‍ ബില്‍ ഇനത്തില്‍ കോടികള്‍ ചെലവാക്കുന്നത് ഒഴിവാക്കാന്‍ കഴിയുമായിരുന്നു. പകരം സാമ്പത്തിക പ്രയാസങ്ങള്‍ക്കിടെ, ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. 

ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യത്തെക്കുറിച്ചു ബില്ലില്‍ പറയുന്നത്: മന്ത്രിമാരുടെയും സ്പീക്കറുടെയും സാമാജികരുടെയും ശമ്പളത്തില്‍ അവസാനം വര്‍ധന വരുത്തിയത് 2012ലാണ്. അഞ്ചുവര്‍ഷത്തിനിടെ ആഹാരസാധനങ്ങളുടെയും പെട്രോളിന്റെയും ഡീസലിന്റെയും വൈദ്യുതിയുടെയും വിലയില്‍ വര്‍ധനവുണ്ടായി. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചു സര്‍ക്കാര്‍ ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മറ്റിയെ മന്ത്രിമാര്‍, സാമാജികര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ്, മുന്‍ സാമാജികര്‍ എന്നിവരുടെ ശമ്പള വര്‍ധനവിനെക്കുറിച്ച‌ു പഠിക്കാന്‍ നിയമിച്ചു. 2017 ഓഗസ്റ്റ് 22ന് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മന്ത്രിമാരുടെ ശമ്പളം ഒരു 1,03,700 രൂപയാക്കാനായിരുന്നു കമ്മിഷൻ ശുപാർശ ചെയ്തത്. എന്നാൽ ഒറ്റയടിക്ക് ഈ വർധന പ്രായോഗികമല്ലെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. എംഎൽഎമാരുടെ ശമ്പളം 92,000 ആക്കണമെന്ന ശുപാർശയിലും സർക്കാർ ഭേദഗതി വരുത്തി. ഇതോടെ, മന്ത്രിമാരുടെ ശമ്പളം നിലവിലെ അൻപതിനായിരത്തിൽനിന്ന് 90,300 രൂപയാക്കാനും എംഎൽഎമാരുടേത് 30,000ത്തിൽനിന്ന് 62,000 രൂപയുമാക്കാനും മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.

വരുന്ന മാറ്റങ്ങള്‍ 

∙ മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുള്‍പ്പെട്ട നിയമസഭാ അംഗങ്ങളുടെ സാലറിയും അലവന്‍സും പ്രതിമാസം 1000 രൂപയില്‍നിന്നു 2000 രൂപയായും മണ്ഡല അലവന്‍സ് പ്രതിമാസം 12,000 രൂപയില്‍നിന്ന് 40,000 രൂപയായും ഉയരും.

∙ സാമാജികരുടെ അപകട ഇന്‍ഷുറന്‍സ് അഞ്ചു ലക്ഷംരൂപയില്‍നിന്ന് 20 ലക്ഷംരൂപയായി ഉയരും.

∙ മന്ത്രിമാര്‍, സ്പീക്കര്‍, ചീഫ് വിപ്പ്, ഡപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുടെ സംസ്ഥാനത്തിനകത്തെ യാത്രാചെലവു കിലോമീറ്ററിനു 10 രൂപയെന്നതു 15 രൂപയായും ആകസ്മികമായ ചെലവുകള്‍ക്കുള്ള അലവന്‍സായ 50 പൈസ എന്നതു കിലോമീറ്ററിന് രണ്ടു രൂപയായും ഉയരും.

∙ ദിവസേനയുള്ള യാത്രാബത്ത 750 രൂപയില്‍നിന്ന് 1000 രൂപയായി ഉയരും.

∙ സംസ്ഥാനത്തിനകത്തും പുറത്തും ട്രെയിന്‍ യാത്രയ്ക്കായി നല്‍കുന്ന ബത്ത കിലോമീറ്ററിന് 50 പൈസയെന്നത് ഒരു രൂപയായി വര്‍ധിപ്പിച്ചു. ആകസ്മിക ചെലവുകള്‍ക്കുള്ള ബത്ത കിലോമീറ്ററിന് 125 രൂപയില്‍നിന്ന് 500 രൂപയാക്കി

∙ സംസ്ഥാനത്തിനു പുറത്തേക്കുള്ള റോഡ് യാത്രകള്‍ക്കുള്ള അലവന്‍സ് കിലോമീറ്ററിനു 10 രൂപയെന്നത് 15 രൂപയായി ഉയരും. ആകസ്മിക ചെലവ് 50 പൈസയില്‍നിന്ന് കിലോമീറ്ററിനു രണ്ടുരൂപയായി ഉയരും. ദിവസേനയുള്ള യാത്രാബത്ത 900 രൂപയില്‍നിന്ന് 1,500 രൂപയാകും.

∙ സംസ്ഥാനത്തിനകത്തു വാഹനത്തില്‍ യാത്ര ചെയ്യുന്നതിനു കിലോമീറ്ററിന് ഏഴുരൂപയെന്ന ബത്ത 10 രൂപയാക്കി. ഒരു ദിവസത്തെ ബത്ത 750 രൂപയില്‍നിന്ന് 1000 രൂപയാക്കും. 

∙ രാജ്യത്തിനകത്തും പുറത്തും നിയമസഭയുമായി ബന്ധപ്പെട്ടു നടത്തുന്ന വിമാനയാത്രയ്ക്കും ബത്ത ഉണ്ടാകും. ആകസ്മിക ചെലവിന് പരമാവധി 500 രൂപ.