ഹാപ്പിയായി കേരളം; ചണ്ഡിഗഡിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്തു

കേരളവും ചണ്ഡിഗഡും തമ്മിലുള്ള മത്സരത്തിൽനിന്ന്. ചിത്രം: പ്രതീഷ് ജി.നായർ∙ മനോരമ

കൊൽക്കത്ത ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ കേരളത്തിനു വമ്പൻ ജയം. ചണ്ഡിഗഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണു കേരളം മുക്കിയത്. രണ്ടു ഗോളടിക്കുകയും ഒന്നിനു വഴിവയ്ക്കുകയും ചെയ്ത എം.എസ്.ജിതിന്റെ പ്രകടനമാണു കേരള നിരയിൽ ശ്രദ്ധേയം. ആദ്യ നിമിഷം മുതൽ വിങ്ങുകളിലൂടെ ആക്രമിച്ചു തുടങ്ങിയ കേരളത്തിനു വേണ്ടി 11–ാം മിനിറ്റിൽ ജിതിൻ ഗോൾ നേടി. വലതു വിങ്ങിലൂടെ സുന്ദരമായി മുന്നേറിയ ജിതിന്റെ ഷോട്ട് തടുക്കാന്‍ ചണ്ഡിഗഡ് ഗോള്‍കീപ്പർ മൻവീർ സിങ് ആവതു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് 19–ാം മിനിറ്റിൽ സജിത് പൗലോസ് കേരളത്തിന്റെ ലീഡുയർത്തി. സജിത്തിന്റെ കാലിന്റെ പാകത്തിനു പന്ത് എത്തിച്ചു നൽകി ജിതിൻ വീണ്ടും താരമായി.

കേരളവും ചണ്ഡിഗഡും തമ്മിലുള്ള മത്സരത്തിൽനിന്ന്. ചിത്രം: പ്രതീഷ് ജി.നായർ∙ മനോരമ

ഗോള്‍ തിരിച്ചടിക്കാനുള്ള ചണ്ഡിഗഡിന്റെ ശ്രമങ്ങൾ പക്ഷെ കേരള നായകൻ രാഹുൽ വി.രാജ് നയിക്കുന്ന പ്രതിരോധത്തിനു മുന്നിൽ അവസാനിച്ചു. 2–0 ത്തിന്റെ മുൻതൂക്കവുമായി ഒന്നാംപകുതി അവസാനിപ്പിച്ച കേരളം രണ്ടാം പകുതിയിലും ഇരച്ചുകയറി. 49–ാം മിനിറ്റിൽ ഫലവും കണ്ടു. മുന്നേറ്റ നിര താരം വി.കെ.അഫ്ദൽ സ്കോർ ചെയ്തു. കേരളത്തിന്റെ ലീഡ് മൂന്നായി ഉയർന്നു. ഉടനെ ജിതിന്റെ രണ്ടാം ഗോളുമെത്തി. 51–ാം മിനിറ്റിൽ ചണ്ഡീഗഡ് പ്രതിരോധത്തെ കബളിപ്പിച്ചു ജിതിൻ തന്റെ രണ്ടാം ഗോൾ നേടി. കേരളത്തിന്റെ സ്കോർ നാലായി ഉയർന്നു.

കേരള ക്യാംപിൽ വിജയാഘോഷം ആരംഭിച്ചു തുടങ്ങി അപ്പോഴേക്കും. 79–ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ശ്രീക്കുട്ടൻ ചണ്ഡിഗഡിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. സ്കോർ 5–0. 87–ാം മിനിറ്റിൽ ബോക്സിനുള്ളിലുണ്ടായ ആശയക്കുഴപ്പം മുതലാക്കി വികാസ് റാണയാണു ചണ്ഡിഗഡിന്റെ ആശ്വാസ ഗോൾ മടക്കിയത്. കേരള ഗോൾ കീപ്പർ വി.മിഥുനെ നേരാംവണ്ണം പരീക്ഷിക്കാൻ പോലും പ്രതീക് ജോഷിയും ഹർമിന്ദർ സിങ്ങും നയിച്ച ചണ്ഡിഗഡ് മുന്നേറ്റത്തിനായില്ല.

ശാരീരിക ക്ഷമതയിലും കേരളം മുന്നിട്ടുനിന്നു. ഗോൾ നേടിയ എം.എസ്.ജിതിനും വി.എസ്.ശ്രീക്കുട്ടനും അണ്ടർ 21 താരങ്ങൾ കൂടിയായതോടെ കേരളത്തിന്റെ പ്രകടനത്തിന്റെ മധുരം ഇരട്ടിയായി. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ബംഗാൾ ഗ്രൂപ്പിലെ കരുത്തരായ മണിപ്പൂരിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തു. സുമിത് ദാസിന്റെ ഇരട്ട ഗോളുകളും ബിദ്യാസാഗർ സിങ്ങിന്റെ ഗോളുമാണു ആതിഥേയരെ ആദ്യ മത്സരത്തിൽ വിജയത്തിലേക്കു നയിച്ചത്.