ഒരിഞ്ചു ഭൂമി വിട്ടുകൊടുക്കില്ല, ‘രക്തരൂഷിത’ യുദ്ധത്തിനും തയാർ: ഭീഷണിയുമായി ചൈന

ഷി ചിൻപിങ് (ഫയൽ ചിത്രം)

ബെയ്ജിങ്∙ ചൈനയുടെ ‘ഒരിഞ്ച്’ ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ലെന്നും ലോകരാജ്യങ്ങൾക്കിടയിൽ അർഹമായ പരിഗണന ലഭിക്കുന്നതിനു ‘രക്തരൂഷിത യുദ്ധ’ത്തിനു പോലും തയാറാണെന്നും പ്രസിഡന്റ് ഷി ചിൻപിങ്. ആജീവനാന്ത പ്രസിഡന്റായി സ്ഥാനമുറപ്പിച്ച നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ചിൻപിങ്ങിന്റെ പ്രസംഗം. രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ 30 മിനിറ്റു പ്രസംഗത്തിൽ പ്രകോപനപരമായ നിലപാടാണു ചൈന മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ ദോക്‌ ലാ വിഷയത്തിൽ ഉൾപ്പെടെ നടക്കുന്ന ഭൂമിതർക്കത്തിൽ ചൈനയുടെ നിലപാട് എന്തായിരിക്കുമെന്നും ഇതോടെ വ്യക്തം.

‘ആധുനിക കാലം മുതൽ തന്നെ രാജ്യത്തിന്റെ ‘പുതുക്കൽ’ നമ്മുടെ ഏറ്റവും വലിയ സ്വപ്നമാണ്. അതിനാൽത്തന്നെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ല എന്നതിൽ ചൈനയിലെ ജനങ്ങൾക്കും സർക്കാരിനും ദൃഢവിശ്വാസമുണ്ട്. അതു തട്ടിയെടുക്കാനും സമ്മതിക്കില്ല’ ചിൻപിങ് വ്യക്തമാക്കി. എന്നാൽ ഭൂമിയുമായി ബന്ധപ്പെട്ട് അയൽ രാജ്യങ്ങളുമായി നിലനിൽക്കുന്ന തർക്കത്തെപ്പറ്റി ചിൻപിങ് നേരിട്ടു പരാമർശിച്ചില്ല.

ദോക്‌ ലായിൽ മാത്രമല്ല, കിഴക്കൻ ചൈന കടലില്‍ നിലവിൽ ജപ്പാനു കീഴിലുള്ള ദ്വീപുകളിലും ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. തെക്കൻ ചൈന കടലിലും സമാന രീതിയിൽ ആധ്യപത്യത്തിനു ചൈന ശ്രമിക്കുന്നുണ്ട്. വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെയ്, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളാണു മേഖലയിൽ ചൈനയ്ക്ക് എതിരെയുള്ളത്.

എന്നാൽ ചൈനയുടെ വികസന നീക്കങ്ങൾ മറ്റു രാജ്യങ്ങൾക്ക് ഒരിക്കലും ഭീഷണിയാകില്ലെന്നു ഷി ചിൻപിങ് വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പരമാധികാരം പ്രയോഗിക്കാനും ചൈന തയാറല്ല. മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ശീലമുള്ളവരാണ് എല്ലാവരെയും ഭീഷണിയായി കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. യുഎസിനിട്ടായിരുന്നു ചിൻ‍പിങ്ങിന്റെ ആ ‘കൊട്ട്’.

ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിട്ടുള്ള ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയും ആർക്കും ഭീഷണിയല്ലെന്നും ചൈന വ്യക്തമാക്കി. ലോകത്തിനു മുന്നിൽ അർഹമായ സ്ഥാനത്തു തുടരാൻ എല്ലാ സന്നാഹങ്ങളും ചൈനയുടെ പക്കലുണ്ട്. അതിനു വേണ്ടി 170 വർഷമായി പോരാടുന്നു. ഇന്ന് ആ സ്വപ്നത്തിന് ഏറെ അടുത്താണു ചൈനയിലെ ജനങ്ങൾ. രാജ്യത്തെ 130 കോടി ജനങ്ങളുടെയും ആ സ്വപ്നം നിറവേറ്റുമെന്നും ചിൻപിങ് വ്യക്തമാക്കി.

രാജ്യത്തിന്റെ പരാമധികാരവും വിവിധ ഭാഗങ്ങളുടെ ഐക്യവും സംരക്ഷിക്കുന്നതായിരിക്കും നിലപാടുകൾ. മാതൃഭൂമിയുടെ ഏകീകരണമെന്ന സ്വപ്നവും നിറവേറ്റും. തായ്‌വാനിൽ നിലവിലുള്ള അധികാരം ഉറപ്പിച്ചു കൊണ്ടായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ ഈ പ്രഖ്യാപനം. അതേസമയം രാജ്യത്തെ ‘വിഭജിക്കാനുള്ള’ എല്ലാ നീക്കങ്ങളും പ്രതിരോധിക്കും. കടുത്ത ശിക്ഷാനടപടികളാണ് അത്തരക്കാരെ കാത്തിരിക്കുന്നതെന്നും ചിൻപിങ് മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ദലൈ ലാമയ്ക്ക് ഉൾപ്പെടെയാണു ചൈനയുടെ മുന്നറിയിപ്പ്.

എല്ലാ വർഷവും വാർഷിക പാർലമെന്റ് സമ്മേളനത്തിനൊടുവിൽ വാർത്താസമ്മേളനമാണു പതിവ്. ഇതാദ്യമായാണു പ്രസിഡന്റ് സമാപന സമ്മേളനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. ചൈനയിൽ കീഴ്‌വഴക്കങ്ങൾ മാറുകയാണെന്നതിന്റെ വ്യക്തമായ സൂചന കൂടിയായി ഇത്. ചിൻപിങ്ങിന് ആജീവനാന്തകാലം ചൈനീസ് പ്രസിഡന്റായിരിക്കാവുന്ന വിധം മാർച്ച് ആദ്യവാരമാണു ചൈനീസ് പാർലമെന്റ് നിയമനിർമാണം നടത്തിയത്.