കീഴാറ്റൂരിൽ സമരം ചെയ്യുന്നത് വയൽക്കിളികളല്ല, വയൽ കഴുകന്മാർ: ജി.സുധാകരൻ

തിരുവനന്തപുരം∙ കീഴാറ്റൂരിലെ ‘വയൽക്കിളി’ സമരം നിയമവിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ നിയമസഭയിൽ. സമരം ചെയ്യുന്നത് വയൽക്കിളികളല്ല, വയൽ കഴുകന്മാരാണെന്നു മന്ത്രി ജി. സുധാകരൻ പറഞ്ഞു. വികസനം, കാർഷികം, ധാർമികം എന്നിവ യാതൊരു അടിയന്തര പ്രധാന്യവുമില്ലാത്തവയാണോ. സമരം ചെയ്യുന്നതു പ്രദേശത്തിനു പുറത്തുനിന്നുള്ളവരാണ്. പാടത്തിന്റെ അരികത്തുപോലും പോകാത്തവരാണു സമരം നടത്തുന്നത്. ഇതിനായി ഒരു തുള്ളി രക്തം പോലും സർക്കാർ വീഴ്ത്തില്ല.

അലൈൻമെന്റ് മാറ്റില്ലെന്നു ദേശീയപാത അതോറിറ്റി ഇന്നലെയും അറിയിച്ചിട്ടുണ്ട്. മാരീചവേഷം അണിഞ്ഞുവരുന്ന വികസന വിരുദ്ധരെ കണ്ട് മോഹിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, കീഴാറ്റൂരിൽ കണ്ടത് അധികാരത്തിന്റെ പുഷ്പക വിമാനത്തിൽ വരുന്ന രാവണനെയാണെന്ന് കോൺഗ്രസ് എംഎൽഎ വി.ഡി. സതീശൻ പറഞ്ഞു. കഴുകന്മാരല്ല 11 സിപിഎമ്മുകാരാണു സമരം നടത്തിയത്. അവരെ പാർട്ടി പുറത്താക്കി. പാർട്ടി ഗ്രാമത്തിലേതു കമ്യൂണിസ്റ്റുകാർക്കു പോലും ബോധ്യപ്പെടാത്ത വികസനമാണ്. പാർട്ടിയിൽനിന്നു പുറത്താക്കിയവരെ സിപിഎം കൊല്ലരുതെന്നും സതീശൻ പറഞ്ഞു. സമരപ്പന്തൽ കത്തിക്കുന്നതിനു കൂട്ടുനിൽക്കുന്നതാണോ പൊലീസിന്റ ജോലിയെന്നും പ്രതിപക്ഷം ചോദിക്കുന്നു.

അതിനിടെ, അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.