മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നു: മുന്നറിയിപ്പുമായി കേന്ദ്രസർക്കാര്‍

പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി∙ മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനമുറപ്പിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്ക്കാനും ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ റിപ്പോർട്ട്‍. ആഭ്യന്തര സുരക്ഷയ്ക്കായുള്ള പാര്‍ലമെന്‍ററി എസ്റ്റിമേറ്റ്സ് കമ്മിറ്റിയെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ആഭ്യന്തരസുരക്ഷാ ഭീഷണികള്‍ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധകാട്ടുന്നില്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

10 സംസ്ഥാനങ്ങളിലെ 106 ജില്ലകളില്‍ മാവോയിസ്റ്റു ഭീഷണി നിലനില്‍ക്കുന്നതായാണു മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഏഴു സംസ്ഥാനങ്ങളിലെ 35 ജില്ലകളില്‍ ഗുരുതരമായ ഭീഷണിയുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിമേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം എസ്റ്റിമേറ്റ്സ് കമ്മിറ്റിയെ അറിയിച്ചു. 

റോഡ്, പാലം എന്നിവയുടെ നിര്‍മാണമടക്കം വികസനപ്രവര്‍ത്തനങ്ങളെ മാവോയിസ്റ്റുകള്‍ തടയാൻ ശ്രമിക്കുന്നു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ ഏറെ പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹമാധ്യങ്ങള്‍ വഴി യുവാക്കളെ സ്വാധീനിക്കാന്‍ െഎഎസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ശ്രമിക്കുന്നു. ചില യുവാക്കള്‍ സിറിയയിലെത്തി െഎഎസില്‍ ചേര്‍ന്നു. െഎഎസ് ബന്ധമോ അനുഭാവമോ ഉള്ള 67 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

ചൈനയുടെ ഭീഷണി നേരിടാന്‍ അതിര്‍ത്തി മേഖലകളിലെ കേന്ദ്ര പൊലീസ് സേനയ്ക്കു സാധിക്കുന്നില്ല. സിഖ് യുവാക്കള്‍ക്കു പാക്ക് ചാരസംഘടനയായ െഎഎസ്െഎ ഭീകരപരിശീലനം നല്‍കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം എസ്റ്റിമേറ്റ് കമ്മിറ്റിയെ അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.