ബീഫിന്റെ പേരിൽ കൊലപാതകം: ബിജെപി നേതാവ് ഉൾപ്പെടെ 11 പേർക്കും ജീവപര്യന്തം

അലിമുദീൻ അൻസാരിയെ ആക്രമിക്കുന്ന ദൃശ്യം (ഫയൽ ചിത്രം)

രാംഗഡ്∙ ജാർഖണ്ഡിൽ ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് അലിമുദീൻ എന്ന അസ്‌ഗർ അൻസാരിയെ കൊലപ്പെടുത്തിയ കേസിൽ ബിജെപിയുടെ പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കം 11 ഗോരക്ഷകർക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് വിചാരണക്കോടതി. ഗോരക്ഷകർ നടത്തിയ കൊലപാതകങ്ങളിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിക്കുന്നതു രാജ്യത്ത് ആദ്യമായാണ്. പതിനൊന്നു പേരിൽ മൂന്നു പേർക്കെതിരെ ഗുഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി രാംഗഡ് കോടതി കണ്ടെത്തി. വിധിക്കെതിരെ അപ്പീൽ നൽകുമെന്നു പ്രതിഭാഗം അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂൺ 29ന് ആണു രാംഗഡിൽ അലിമുദീനെ ജനക്കൂട്ടം വധിച്ചത്. 200 കിലോ ഇറച്ചിയുമായി വാനിൽ പോകുമ്പോഴായിരുന്നു ആക്രമണം. വാൻ തീവച്ചു നശിപ്പിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് അലിമുദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ വിസ്താരം നടക്കുന്ന ദിവസം സാക്ഷിയുടെ ഭാര്യ കൊല്ലപ്പെട്ടതും വിവാദമായിരുന്നു.

സാക്ഷി പറയാനെത്തിയ അലിമുദീന്റെ സഹോദരൻ ജലീൽ തിരിച്ചറിയൽ കാർഡ് മറന്നതിനാൽ, ഭാര്യ ജുലേഖയെയും അലിമുദീന്റെ മകൻ ഷഹ്സാദ് അൻസാരിയെയും കാർഡ് എടുക്കാനായി തിരികെ അയച്ചിരുന്നു. ബൈക്കിൽ വീട്ടിലേക്കു പോകുന്നതിനിടെ മറ്റൊരു ബൈക്കിടിച്ചു ജുലേഖ മരിച്ചു. ഇതെത്തുടർന്നു ജലീലിനു കോടതിയിൽ ഹാജരാകാൻ കഴിഞ്ഞില്ല.