സന്തോഷ് ട്രോഫി: മഹാരാഷ്ട്രയെ തകർത്ത് ബംഗാൾ; സമനിലയിൽ മണിപ്പുരും ചണ്ഡിഗഡും

സന്തോഷ് ട്രോഫിയിൽ മണിപ്പുരും ചണ്ഡിഗഡും തമ്മിലുള്ള മത്സരത്തിൽനിന്ന്. ചിത്രം: പ്രതീഷ് ജി.നായർ

കൊൽക്കത്ത ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യന്‍ഷിപ്പിൽ ആതിഥേയരായ ബംഗാളിനു വമ്പൻ ജയം. മഹാരാഷ്ട്രയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണു ബംഗാൾ തകർത്തത്. മറ്റൊരു മത്സരത്തിൽ മണിപ്പൂരും ചണ്ഡിഗഡും ഓരോ ഗോൾ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.

ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണു ബംഗാൾ മഹാരാഷ്ട്രയെ ഗോളിൽ മുക്കിയത്. എട്ടാം മിനിറ്റിൽ ലിയാൻഡർ ധമായിയുടെ ഗോളിൽ മുന്നിലെത്തിയ മഹാരാഷ്്ട്ര ആദ്യപകുതിയിൽ മികച്ചു നിന്നു. എന്നാൽ രണ്ടാം പകുതിയിൽ കളമറിഞ്ഞിറങ്ങിയ ബംഗാൾ തകർത്തു വാരി. 55-ാം മിനിറ്റിൽ മനോതോഷ് ചക്ലാധർ ആദ്യ വെടിപൊട്ടിച്ചു. സ്കോർ 1–1.

സന്തോഷ് ട്രോഫിയിൽ മണിപ്പുരും ചണ്ഡിഗഡും തമ്മിലുള്ള മത്സരത്തിൽനിന്ന്. ചിത്രം: പ്രതീഷ് ജി.നായർ

പിന്നീടു ഹൗറ സ്റ്റേഡിയം കണ്ടതു ബംഗാളിന്റെ പടയോട്ടം. ക്യാപ്ടൻ ജീതൻ മുര്‍മുവിന്റെ വകയായിരുന്നു അടുത്തത്. 62–ാം മിനിറ്റിൽ മുർമു ലക്ഷ്യം കണ്ടു. ബിദ്യാസാഗർ സിങ്ങിന്റെ ഇരട്ട പ്രഹരം എണീറ്റു നിൽക്കാൻ ആവതില്ലാത്ത വിധം മഹാരാഷ്ട്രയെ വീഴ്ത്തി. 79, 82 മിനിറ്റുകളിൽ ബിദ്യാസാഗർ മഹാരാഷ്ട്ര പ്രതിരോധത്തിന്റെ നെഞ്ചുപിളർന്നു. 89–ാം മിനിറ്റിൽ രജോൻ ബർമൻ ബംഗാളിന്റെ ഗോൾപട്ടിക പൂർത്തിയാക്കി. 

ഗോൾ അവസരങ്ങള്‍ തുലയ്ക്കുന്നതിൽ ഇരുകൂട്ടരും മത്സരിച്ച പോരാട്ടത്തിൽ മണിപ്പുരും ചണ്ഡിഗഡും സമനിലയിൽ പിരിഞ്ഞു (1–1). 25–ാം മിനിറ്റിൽ നംഗബാം നവോച്ച മണിപ്പുരിനായി ഗോൾ നേടി. 65–ാം മിനിറ്റിൽ വിവേക് റാണയുടെ വകയായിരുന്നു ചണ്ഡിഗഡിന്റെ സമനില ഗോൾ. മണിപ്പുര്‍– ചണ്ഡിഗഡ് പോരാട്ടം സമനിലയിൽ അവസാനിച്ചതു ഗ്രൂപ്പിലുള്ള കേരളത്തെ സംബന്ധിച്ച് ആശ്വാസത്തിനു വകയുണ്ട്. 23നു മണിപ്പുരിനെയാണു കേരളം നേരിടുന്നത്.