ഷമിക്ക് ‘ക്ലീൻ ചിറ്റു’മായി ബിസിസിഐ; വാർഷിക കരാറിൽ ഉൾപ്പെടുത്തി

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി

മുംബൈ∙ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ മുഹമ്മദ് ഷമിക്ക് ആശ്വാസവുമായി ബിസിസിഐ. ഒത്തുകളി ആരോപണം ഉൾപ്പെടെ ഉയർത്തി ഭാര്യ ഹസിൻ ജഹാൻ രംഗത്തെത്തിയതിനെ തുടർന്നു തടഞ്ഞുവച്ച വാർഷിക കരാറിൽ ഷമിയെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചു. വർഷം മൂന്നു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡ് വിഭാഗത്തിലാണ് ഷമിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ, അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിലും കളിക്കാൻ ഷമിക്കു വഴി തെളിഞ്ഞു. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസാണ് ഇക്കുറി ഷമിയെ സ്വന്തമാക്കിയത്. ബിസിസിഐ വാർഷിക കരാർ തടഞ്ഞുവച്ചതോടെ ഷമിയുടെ ഐപിഎൽ സാധ്യതകൾക്ക് മങ്ങലേറ്റിരുന്നു. എന്നാൽ, ഷമിയെ കുറ്റവിമുക്തനാക്കി കരാറിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ താരത്തിനു മുന്നിൽ ഐപിഎൽ വാതിലും തുറക്കും.

നേരത്തെ, മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് കേസെടുത്തിരുന്നു. ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ കരാർ ബിസിസിഐ തടഞ്ഞുവച്ചത്.

ഭാര്യ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഷമിക്കെതിരെ അന്വേഷണം നടത്താൻ ഡൽഹി മുൻ പൊലീസ് കമ്മിഷണർ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണ സമിതി നിയോഗിച്ച ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ നീരജ് കുമാർ നൽകിയ രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷമിക്കെതിരെ തുടർ നടപടികൾ ആവശ്യമില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാർ പുതുക്കാനുള്ള തീരുമാനം.

കെ.എൽ. രാഹുൽ, ഉമേഷ് യാദവ്, കുൽദീപ് യാദവ്, യുസ്‌േവന്ദ്ര ചാഹൽ, ഹാർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ, ദിനേഷ് കാർത്തിക് തുടങ്ങിയവാണ് ബി വിഭാഗത്തിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ.