കീഴാറ്റൂർ ബൈപാസിനു പകരം മേൽപ്പാലം: കേന്ദ്രം പറഞ്ഞാൽ സഹകരിക്കാമെന്നു കോടിയേരി 

എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജി സ്ക്വയറിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന

കണ്ണൂർ∙ കീഴാറ്റൂരിലെ ബൈപാസിനു പകരം മേൽപ്പാലം നിർമിക്കാൻ കേന്ദ്ര സർക്കാർ തയാറാണെങ്കിൽ സംസ്ഥാനം സഹകരിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മേൽപ്പാലം നിർമിക്കണോയെന്നു ദേശീയപാത അതോറിറ്റി തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജിയുടെ പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കീഴാറ്റൂർ വഴി ബൈപാസ് നിർമിക്കാൻ തീരുമാനിച്ചതു പിണറായി വിജയനോ ജി. സുധാകരനോ അല്ല, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. ദേശീയപാത അതോറിറ്റി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്തു കൊടുക്കുകയാണു സംസ്ഥാന സർക്കാരിന്റെ ചുമതല.

ഒരു നന്ദിഗ്രാം ഉണ്ടായെന്നു വിചാരിച്ച് എല്ലായിടത്തും നന്ദിഗ്രാമമാക്കാമെന്നു കരുതേണ്ട. ബൈപാസ് വരാതിരുന്നാൽ മാർക്സിസ്റ്റ് കേന്ദ്രങ്ങളിൽ വികസനമില്ലെന്നു പറഞ്ഞു മറ്റു രാഷ്ട്രീയ പാർട്ടികൾ വോട്ടു പിടിക്കും. ത്രിപുരയിൽ സംഭവിച്ചത് അതാണ്. തെറ്റിധരിക്കപ്പെട്ടവർ തെറ്റിധാരണ മാറ്റി തിരിച്ചു വരണം.

പരിസ്ഥിതി പ്രശ്നം പറഞ്ഞു വികസനത്തെ തടസപ്പെടുത്തരുത്. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെങ്കിൽ ജനങ്ങൾ സർക്കാരിനെ സംരക്ഷിക്കും. സംഘർഷത്തിനോ സംഘട്ടനത്തിനോ സിപിഎം പോകില്ല. ജനങ്ങളെ അണിനിരത്തി ചെറുക്കും’–കോടിയേരി പറഞ്ഞു.