‘യോഗ’മില്ലാതെ 12 പഞ്ചായത്തുകൾ; ബാക്കി 929 ഗ്രാമപഞ്ചായത്തുകളിലും ബാർ

ആലപ്പുഴ∙ പതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളിൽ ബാർ അനുവദിക്കാമെന്ന മദ്യനയം നടപ്പാക്കുമ്പോൾ ഒഴിവാക്കപ്പെടുന്നതു 12 ഗ്രാമപഞ്ചായത്തുകൾ മാത്രം. ബാക്കി 929 ഗ്രാമപഞ്ചായത്തുകളിലും ബാർ തുടങ്ങാനാകും. തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കുകളാണ് എക്സൈസ് വകുപ്പു ജനസംഖ്യ കണ്ടെത്താൻ ആധാരമാക്കിയത്.

കണ്ണൂർ ജില്ലയിലെ മലപ്പട്ടം (9653), വളപട്ടണം (8370), പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി (8370), തൃശൂർ ജില്ലയിലെ അതിരപ്പിള്ളി (9969), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (9913), ഇടുക്കി ജില്ലയിലെ വട്ടവട (5102), ആലക്കോട് (9855), കോട്ടയം ജില്ലയിലെ തലനാട് (7337), മൂന്നിലവ് (9065), ആലപ്പുഴ ജില്ലയിലെ പെരുമ്പളം (9678), മുട്ടാർ (9864), പത്തനംതിട്ട ജില്ലയിലെ തുമ്പമൺ (8160) എന്നിവിടങ്ങളിൽ മാത്രമാണു ബാറിനു വിലക്കുള്ളത്.

എന്നാൽ, വിനോദ സഞ്ചാരമേഖലയായി പ്രഖ്യാപിച്ചതിനാൽ അതിരപ്പള്ളിയിൽ ഒരു ബാർ പ്രവർത്തിക്കുന്നുണ്ട്. പതിനായിരത്തിനു തൊട്ടടുത്തു ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ പുതിയ കണക്കെടുപ്പു നടത്തണമെന്നും ആവശ്യമുയർന്നേക്കാം.

അതിനിടെ, പുതിയ ഉത്തരവിന്റെ പിൻബലത്തിൽ ബവ്റിജസ് കോർപറേഷന്റെ മദ്യക്കടകൾ ഉൾപ്രദേശത്തുനിന്നു പ്രധാന സ്ഥലങ്ങളിലേക്കു മാറ്റാനുള്ള നീക്കം വിജയിച്ചില്ല. കോടതി ഉത്തരവ് ബാറുകൾക്കും കള്ളുഷാപ്പുകൾക്കും മാത്രമാണു ബാധകമെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണിത്.

വിധി വന്നതോടെ റോഡരികിൽ അനുയോജ്യമായ കെട്ടിടങ്ങൾ കോർപറേഷൻ അന്വേഷിച്ചു തുടങ്ങിയിരുന്നു. ഇതിനിടെയാണു നിയമോപദേശം എതിരായത്.

കാലടിയിൽ നാലു ബാർ

നിലവിൽ 50ൽ താഴെ പഞ്ചായത്തുകളിലാണു ബാറുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ബാറുകൾ ഉള്ളത് 27,216 പേരുള്ള കാലടി പഞ്ചായത്തിലാണ് – നാലെണ്ണം. തൊട്ടടുത്ത നെടുമ്പാശേരി പഞ്ചായത്തിൽ മൂന്നു ബാറുണ്ട്.