Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ നിർമിത മദ്യത്തിനു നികുതിയിളവു നൽകിയതിൽ അഴിമതി: തിരുവഞ്ചൂർ, ചെന്നിത്തല

liquor

തിരുവനന്തപുരം ∙ വിദേശ നിർമിത വിദേശ മദ്യത്തിനു വൻതോതിൽ നികുതിയിളവു നൽകിയതിനു പിന്നിൽ അഴിമതിയുണ്ടെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് കെയ്‌സിന് 1600 രൂപ എക്‌സൈസ് തീരുവയുള്ളപ്പോൾ വിദേശ നിർമിത വിദേശ മദ്യം വിതരണം ചെയ്യുന്നവരിൽ നിന്ന് 594 രൂപയേ ഈടാക്കുന്നുള്ളൂ.

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനു വെയർഹൗസ് മാർജിൻ 8 ശതമാനമാണ്. എന്നാൽ വിദേശ നിർമിത വിദേശമദ്യ കമ്പനികളിൽ നിന്ന് 5% വാങ്ങിയാൽ മതിയെന്നാണ് ഉത്തരവ്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 20% ആണ് റീട്ടെയിൽ മാർജിനായി ഈടാക്കുന്നത്. വിദേശ നിർമിത വിദേശ മദ്യത്തിന് ഇതു 3 ശതമാനമാക്കി. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപന നികുതി 210% ആണെങ്കിൽ വിദേശ നിർമിത വിദേശ മദ്യത്തിന് 78% മാത്രമേയുള്ളൂ. വിദേശ കമ്പനികൾക്ക് എന്തിനു സൗജ്യങ്ങൾ നൽകിയെന്നും തീരുമാനം മറച്ചുവച്ചത് എന്തുകൊണ്ടാണെന്നും മന്ത്രി ടി.പി.രാമകൃഷ്ണൻ വിശദീകരിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

അഴിമതി ആരോപണങ്ങൾക്കു മറുപടി പറയാതെ മന്ത്രി ടി.പി രാമകൃഷ്ണൻ ഉരുണ്ടുകളിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിദേശ നിർമിത വിദേശ മദ്യം കസ്റ്റംസ് ബോണ്ട് വെയർഹൗസിൽ നിന്നു നേരിട്ടു വാങ്ങാൻ 2007 മുതൽ അനുമതിയുണ്ടെന്ന ന്യായം പറഞ്ഞാണു ആരോപണത്തെ മന്ത്രി പ്രതിരോധിക്കുന്നത്. ചെറിയതോതിൽ മദ്യം വിളമ്പുന്നതിനു 25000 രൂപ ഫീസ് ഈടാക്കി അനുമതി നൽകാൻ അന്നു തീരുമാനിച്ചിരുന്നു.

വ്യാപകമായി വിദേശനിർമിത വിദേശമദ്യം വിൽക്കാൻ ഇപ്പോഴാണ് അനുമതി നൽകുന്നത്. ഇക്കാര്യം പുതിയ കാര്യമല്ലെങ്കിൽ പിന്നെന്തിനാണു ബജറ്റിൽ പ്രഖ്യാപിച്ചതെന്നു മന്ത്രി വിശദീകരിക്കണം. വിദേശ നിർമിത വിദേശ വൈനും ബിയറുമാണ് ബിയർ വൈൻ പാർലറുകളിൽ വിൽക്കാൻ അനുവദിച്ചിട്ടുള്ളതെങ്കിൽ അക്കാര്യം ഉത്തരവിൽ വിശദീകരിക്കണമായിരുന്നു. മുൻ ഉത്തരവുകളിലും മദ്യനയത്തിലുമെല്ലാം ബീയർ–വൈൻ വിൽപന പ്രത്യേകമായി പറയുന്നുണ്ട്. കോടികളുടെ അഴിമതിക്കുവേണ്ടി എക്സൈസ് വകുപ്പിനെ സിപിഎം മറയാക്കിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

related stories