Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മദ്യം ഇവിടെ വിൽക്കാനുള്ള സാധ്യത പരിശോധിച്ച് സർക്കാർ

T.P. Ramakrishnan

തിരുവനന്തപുരം∙ ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം നിലപാടു കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മദ്യം ഇവിടെ തന്നെ വിറ്റഴിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നു. ഇതേക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു മന്ത്രി നിർദേശം നൽകി. പരിഗണനയിലുള്ള ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളില്‍ ധൃതിയില്‍ തീരുമാനം വേണ്ടെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിർദേശിച്ചിട്ടുണ്ട്.

ബ്രൂവറി, ഡിസ്റ്റിലറി അനുമതി വിവാദമായതോടെയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്ന മദ്യം മാത്രം സംസ്ഥാനത്തു വില്‍ക്കുന്ന നിയമം നടപ്പാക്കാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നത്. തമിഴ്നാട്ടില്‍ ഇത്തരത്തിലുള്ള നിയമം ഉണ്ടെന്നും ഈ സാധ്യത സംസ്ഥാനത്തും പരിശോധിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് മന്ത്രിക്കു കത്തു നല്‍കിയിരുന്നു. ഇതോടെയാണ് ഇതിന്റെ സാധ്യത പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ എക്സൈസ് വകുപ്പ് സെക്രട്ടറി ആശാ തോമസിനു മന്ത്രി നിര്‍ദേശം നല്‍കിയത്.

നിലവില്‍ സംസ്ഥാനത്തു വിതരണം ചെയ്യുന്ന മദ്യത്തിന്റെ 35 ശതമാനവും പുറത്തു നിന്നാണ് എത്തുന്നത്. ഇതുകാരണം സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍ ഉല്‍പാദനശേഷിയുടെ പകുതി മദ്യം മാത്രം മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളു. കൂടാതെ വിവാദം കൊഴുത്തതോടെ പരിഗണനയിലുള്ള ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളില്‍ ധൃതിയിലുള്ള തീരുമാനം വേണ്ടെന്നും നിര്‍ദേശം നല്‍കി.

അനുമതി നല്‍കിയതിനു പുറമേ മൂന്നു അപേക്ഷകള്‍ കൂടി പരിഗണനയിലുണ്ടെന്നു മന്ത്രി പറ‍ഞ്ഞിരുന്നു. ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്കായി കൂടുതല്‍ അപേക്ഷകള്‍ എത്തിയാല്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന കാര്യത്തിലും വകുപ്പ് കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്.

related stories