മുണ്ടു മുറുക്കിയുടുത്ത് ജനം; മന്ത്രിമന്ദിരങ്ങള്‍ മോടികൂട്ടി സർക്കാർ

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുൻമന്ത്രി ഇ.പി.ജയരാജൻ. (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ചെലവു ചുരുക്കണമെന്നു സർക്കാർ ആവർത്തിക്കുന്നതിനിടെ മന്ത്രിമന്ദിരങ്ങളില്‍ ആ‍ഡംബരത്തിനായി ചെലവിട്ടത് ഒരു കോടി രൂപയോളം‍. കൂടുതല്‍ ചെലവഴിച്ചതു മുന്‍ മന്ത്രി ഇ.പി. ജയരാജനാണ്. 13 ലക്ഷത്തില്‍പ്പരം രൂപ ഇപി ചെലവിട്ടു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ 12.42 ലക്ഷവുമായി രണ്ടാമതും മുഖ്യമന്ത്രി പിണറായി വിജയൻ ഒന്‍പതര ലക്ഷവുമായി മൂന്നാമതുമാണ്. മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ ആകെ ചെലവായത് 82,35,743 രൂപ. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ എന്നിവരുടെ ഔദ്യോഗിക വസതികളിൽ നടത്തിയ മരാമത്തു പണികൾക്കായി ചെലവായ തുകയാണു വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനുവിനു ലഭിച്ചത്.

മന്ത്രിമന്ദിരങ്ങളുടെ മോടിപിടിപ്പിക്കൽ ചെലവ് (വിവരാവകാശ മറുപടിയിൽനിന്ന്)

∙ മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ക്ലിഫ് ഹൗസ് ബംഗ്ലാവ്– 9,56,871 രൂപ
∙ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ താമസിക്കുന്ന അശോക ബംഗ്ലാവ്– 4,89,826 രൂപ
∙ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ താമസിക്കുന്ന ലിന്റ് റസ്റ്റ് ബംഗ്ലാവ്– 4,09,441 രൂപ
∙ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസ് താമസിക്കുന്ന പ്രശാന്ത് ബംഗ്ലാവ്– 1,54,210 രൂപ
∙ വനം വകുപ്പ് മന്ത്രി കെ. രാജു താമസിക്കുന്ന അജന്ത ബംഗ്ലാവ്– 3,95,078 രൂപ

∙ മുൻ മന്ത്രി ഇ.പി. ജയരാജൻ താമസിച്ചിരുന്ന സാനഡു ബംഗ്ലാവ്–13,18,937 രൂപ
∙ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ താമസിക്കുന്ന ഉഷസ് ബംഗ്ലാവ്– 3,55,073 രൂപ
∙ പൊതുമരാമത്ത്, റജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ താമസിക്കുന്ന നെസ്റ്റ് ബംഗ്ലാവ്– 33,000 രൂപ
∙ തുറമുഖം, മ്യൂസിയം വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ താമസിക്കുന്ന റോസ് ഹൗസ്– 6,31,953 രൂപ
∙ ആരോഗ്യമന്ത്രി കെ.കെ. ശൈലജ താമസിക്കുന്ന നിള ബംഗ്ലാവ്– 1,99,612 രൂപ

∙ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് താമസിക്കുന്ന പൗർണമി ബംഗ്ലാവ്– 39,351 രൂപ
∙ ധനമന്ത്രി ഡോ. തോമസ് ഐസക് താമസിക്കുന്ന മൻമോഹൻ ബംഗ്ലാവ്– 3,00,000 രൂപ
∙ തൊഴിൽ, എക്സൈസ് വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണൻ താമസിക്കുന്ന എസെൻഡീൻ ബംഗ്ലാവ്– 2,36,373 രൂപ
∙ സഹകരണം, ടൂറിസം മന്ത്രി താമസിച്ചിരുന്ന പെരിയാർ ഹൗസ്– 5,55,684 രൂപ
∙ നിയമം, പിന്നാക്കക്ഷേമം മന്ത്രി എ.കെ. ബാലൻ താമസിക്കുന്ന പമ്പ ബംഗ്ലാവ്– 90,816 രൂപ

∙ ഗതാഗത മന്ത്രിമാർ താമസിക്കുന്ന കാവേരി ബംഗ്ലാവ്– 2,27,954 രൂപ
∙ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ താമസിക്കുന്ന തൈക്കാട് ഹൗസ്– 12,42,671 രൂപ
∙ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീൽ താമസിക്കുന്ന ഗംഗ ബംഗ്ലാവ്– 3,11,153 രൂപ
∙ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ താമസിക്കുന്ന ഗ്രേസ് ബംഗ്ലാവ്– 2,87,740 രൂപ