പാക്ക് ഹൈക്കമ്മീഷണർ ഇന്ത്യയിൽ തിരിച്ചെത്തി; അടിയന്തര നടപടി വേണമെന്ന് ആവശ്യം

സൊഹൈൽ മുഹമ്മദ്

ന്യൂഡൽഹി∙ പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധികൾക്കു നേരെ ഭീഷണിപ്പെടുത്തലുകളുണ്ടായ സംഭവത്തിൽ അടിയന്തര നടപടികളാണ് ആവശ്യമെന്നു പാക്ക് ഹൈക്കമ്മീഷണർ സൊഹെയ്ൽ മുഹമ്മദ്. വിഷയം പാക്കിസ്ഥാൻ സർക്കാരുമായി ചർച്ച ചെയ്തു. അടിയന്തരമായി പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്. അല്ലാത്ത പക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇതു മോശമായി ബാധിക്കും– അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പാക്ക് ഹൈക്കമ്മിഷണറെയും സ്ഥാനപതി കാര്യാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും ദ്രോഹിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചാണു പാക്കിസ്ഥാൻ ദിവസങ്ങള്‍ക്കു മുൻപു ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചത്. ഈ നിലപാടിൽ മാറ്റമുണ്ടായാല്‍ മാത്രമെ ഹൈക്കമ്മീഷണറെ തിരിച്ചയയ്ക്കുവെന്നും പിന്നീടു നിലപാടെടുത്തു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ സൊഹെയ്ൽ മുഹമ്മദ് ഇന്ത്യയിൽ തിരിച്ചെത്തി. ഒരാഴ്ചയ്ക്കു ശേഷമാണു മടങ്ങിവരവ്. നയതന്ത്ര ഉദ്യോഗസ്ഥരെച്ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വാക്പോരുകൾ ഇതോടെ അവസാനിക്കുമെന്നാണു കരുതുന്നത്. ഇന്ത്യൻ ഉദ്യോഗസ്ഥരോട് ഇസ്‍ലാമാബാദിൽ മോശം രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടാകാറുള്ളതെന്നു വ്യാഴാഴ്ച ഇന്ത്യ തിരിച്ചടിച്ചിരുന്നു. 

അതേസമയം, സംഭവത്തിൽ പാക്കിസ്ഥാനിലെ സ്ഥാനപതിയെ ഇന്ത്യ തിരികെ വിളിച്ചിരുന്നില്ല. സൊഹെയ്ൽ മുഹമ്മദ് ഉടൻ ഇന്ത്യയിലേക്കില്ലെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാൻ നടപ്പാക്കിയ മറ്റൊരു തന്ത്രം മാത്രമായിരുന്നു ഇതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യയിൽ നടന്ന ലോക വാണിജ്യ സംഘടന (ഡബ്ലിയുടിഒ)യുടെ യോഗത്തിൽനിന്നും പാക്കിസ്ഥാൻ വിട്ടുനിന്നിരുന്നു.

നിലവിലുള്ള നയതന്ത്ര തർക്കങ്ങൾ അതിര്‍ത്തിയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതിലേക്കു നയിക്കുമെന്നു പാക്കിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയിരുന്ന ടി.സി.എ. രാഘവൻ അഭിപ്രായപ്പെട്ടു. 2003 മുതലുള്ള കാലഘട്ടത്തിൽ ഇതുവരെ നയതന്ത്ര ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്നെന്ന രീതിയിലുള്ള പരാതികൾ ഉണ്ടായിട്ടില്ല. നവാസ് ഷെരിഫിന്റെ സ്ഥാനമാറ്റത്തിനു ശേഷം അനാഥമായ അവസ്ഥയിലാണു പാക്കിസ്ഥാൻ. ഇതായിരിക്കാം പ്രശ്നങ്ങൾക്കു കാരണം– അദ്ദേഹം പറഞ്ഞു.