ജയിലിലുള്ളവരെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരല്ല, സഹാനുഭൂതി വേണം: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം∙ ജയിലനകത്തുള്ളവരില്‍ എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശരിയായ പാതയിലേക്ക് അവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണം. അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിക്കരുത്. അതേസമയം അന്തേവാസികള്‍ക്ക് ഉദ്യോഗസ്ഥര്‍ തെറ്റായി ഒന്നും ചെയ്തുകൊടുക്കുകയുമരുത്. ജയിലിലുള്ളവരോടു സഹാനുഭൂതി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂജപ്പുരയില്‍ ജയില്‍ ജീവനക്കാരുടെ പാസിങ് ഒൗട്ട് പരേഡില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തനു മാനണ്ഡങ്ങൾ മറികടന്നു ശിക്ഷാ ഇളവു നൽകാൻ സർക്കാർ നീക്കമുണ്ടെന്ന ആരോപണങ്ങൾക്കിടെയാണു മുഖ്യമന്ത്രിയുടെ പരാമർശം. നിയമപരമായ പരിശോധനകൾ പൂർത്തിയാക്കിയിട്ടേ ആരെയും വിട്ടയയ്ക്കുവെന്നും 70 വയസ്സു കഴിഞ്ഞവരെ മോചിപ്പിക്കണമെന്നു ജയിൽ ചട്ടപരിഷ്‌കരണ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട് എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.