ഡെറാഡൂണിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം ഷമിക്കു പരുക്ക്

ന്യൂഡൽഹി∙ ഡെറാഡൂൺ–ഡൽഹി പാതയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു പരുക്ക്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരുക്കേറ്റ ഷമിയെ ഡെറാഡൂണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഷമിയുടെ തലയ്ക്കാണ് പരുക്കേറ്റത്. തലയിൽ തുന്നലുമുണ്ട്.

ഭാര്യ ഹസിൻ ജഹാനുമായുള്ള പ്രശ്നങ്ങളുടെ പേരിൽ മുഹമ്മദ് ഷമി അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഷമിക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഹസിൻ ജഹാൻ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരവെയാണ് താരം അപകടത്തിൽപ്പെട്ടത്.

ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ ഒത്തുകളി ആരോപണവും ഉന്നയിച്ചിരുന്നെങ്കിലും ബിസിസിഐ നടത്തിയ അന്വേഷണത്തിൽ അതിൽ വാസ്തവമില്ലെന്നു കണ്ടെത്തിയിരുന്നു. തടഞ്ഞുവച്ച വാർഷിക കരാറിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനായി കളിക്കാൻ സാധ്യത തെളിഞ്ഞെങ്കിലും അപകടത്തിൽ പരുക്കേറ്റതോടെ ഷമിയുടെ ഐപിഎൽ സാധ്യതകൾ വീണ്ടും മങ്ങി.