യുഡിഎഫിന്റെ വിജയം ഉറപ്പിക്കുന്നതാണ് മാണിയുടെ പ്രസ്താവനയെന്ന് ഹസ്സൻ

കാസർകോട്∙ കേരള കോൺഗ്രസ് പിന്തുണ നൽകുന്നവർക്കാവും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയമെന്ന കെ.എം. മാണിയുടെ പ്രസ്താവന, അവിടെ യുഡിഎഫിനാണു വിജയസാധ്യതയെന്ന പൊതുസംസാരത്തോടു ചേർന്നു നിൽക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസ്സൻ. അദ്ദേഹം ഉദ്ദേശിച്ചത് യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നു തന്നെയാവും. അവിടെ, വിജയസാധ്യത യുഡിഎഫിനാണെന്ന് എല്ലാവരും പറയുന്നു. കെ.എം. മാണിയും ആ സംസാരത്തിന്റെ ഭാഗമായി പ്രതികരിച്ചതാവാം. വിജയിച്ചു കഴിയുമ്പോൾ അദ്ദേഹം പറഞ്ഞതു പോലെ വിജയിച്ച ആളിനൊപ്പമായിരുന്നു അദ്ദേഹമെന്നു തീരുമാനിക്കാമല്ലോ എന്നും ഹസ്സൻ കാസർകോട് പറഞ്ഞു.