പാക്കിസ്ഥാന് വീണ്ടും പ്രഹരം; ഏഴ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഇസ്‍ലാമാബാദ്∙ ആണവ വിതരണ കൂട്ടായ്മയിൽ (എൻഎസ്ജി) ചേരാനുള്ള പാക്കിസ്ഥാന്റെ മോഹങ്ങൾക്കുമേൽ യുഎസ് ‘പ്രഹരം’. ആണവവ്യാപാരത്തിൽ ‌പങ്കുണ്ടെന്നു സംശയിക്കുന്ന ഏഴ് പാക്ക് കമ്പനികൾക്കു യുഎസ് വിലക്കേർപ്പെടുത്തി. ഭീകരരെ സഹായിക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടെടുക്കുന്നതിന്റെ ഭാഗമായാണ് ഉപരോധം.

യുഎസ് ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി കൊമേഴ്സ് ആണ് ഈ മാസം 22ന് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയത്. ദേശസുരക്ഷയ്ക്കും വിദേശ നയത്തിനും എതിരായ പ്രവർത്തനമാണു കമ്പനികളുടേതെന്നു യുഎസ് വിലയിരുത്തി. ‘എൻറ്റിറ്റി ലിസ്റ്റി’ൽ പെടുത്തിയ കമ്പനികളുടെ സ്വത്ത് മരവിപ്പിക്കില്ല. പക്ഷേ, ബിസിനസ് നടത്തുന്നതിനു പ്രത്യേക ലൈസൻസ് സ്വന്തമാക്കണം. നടപടിക്കെതിരെ പ്രതികരിക്കാൻ പാക്കിസ്ഥാനോ കമ്പനികളോ തയാറായിട്ടില്ല.

നേരത്തെ, ഉത്തര കൊറിയയ്ക്ക് ആണവ രഹസ്യങ്ങൾ പാക്ക് ഉദ്യോഗസ്ഥർ കൈമാറിയതായി ആരോപണമുണ്ടായിരുന്നു. എന്നാൽ, പാക്ക് സർക്കാർ ഇക്കാര്യം നിഷേധിച്ചു. അതേസമയം, ഉത്തര കൊറിയയ്ക്ക് ആണവരഹസ്യം വിറ്റതായി ‘പാക്ക് ആറ്റംബോംബിന്റെ പിതാവ്’ അബ്ദുൽ ക്വാദീർ ഖാൻ സ്ഥിരീകരിച്ചിരുന്നു.

48 രാജ്യങ്ങളുടെ കൂട്ടായ്മയായ എൻഎസ്ജിയിൽ അംഗത്വം നേടാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്കാണ് യുഎസ് നടപടി തിരിച്ചടിയായത്. 2016ലാണ് പാക്കിസ്ഥാൻ എൻഎസ്ജി അംഗത്വത്തിന് അപേക്ഷ നൽകിയത്. തന്ത്രപരമായ ചെറിയ ആയുധങ്ങളടക്കം ആണവ മേഖലയിൽ പാക്കിസ്ഥാന്റെ മുന്നേറ്റം യുഎസിനെ ആശങ്കപ്പെടുത്തുന്നതിന്റെ സൂചനയാണു കമ്പനികൾക്കു നേരെയുള്ള ഉപരോധമെന്നാണു കരുതുന്നത്.

വിലക്കുള്ള കമ്പനികൾ

സിംഗപ്പൂർ ആസ്ഥാനമായ മുഷ്കോ ലോജിസ്റ്റിക്സ് – മുഷ്കോ ഇലക്ട്രോണിക്സ്, സൊല്യൂഷൻസ് എൻജിനീയറിങ്, അക്തർ ആൻഡ് മുനീർ, പ്രൊഫിഷ്യന്റ് എൻജിനീയേഴ്സ്, പർവേസ് കൊമേഴ്സ്യൽ ട്രേഡിങ് കമ്പനി, മറൈൻ സിസ്റ്റംസ്, എൻജിനീയറിങ് ആൻഡ് കൊമേഴ്സ്യൽ സർവീസസ്.