ഏഷ്യൻ കപ്പ് യോഗ്യത ഫുട്ബോൾ: ഇന്ത്യയെ 2–1ന് തോൽപിച്ച് കിർഗിസ്ഥാൻ

ബിഷ്കേക് (കിർഗിസ്ഥാൻ) ∙ തുടർച്ചയായ 13 കളികളിൽ തോൽവിയറിയാതെ കുതിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിനു കിർഗിസ്ഥാൻ കടിഞ്ഞാണിട്ടു. 2019 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്കു 2–1 തോൽവി.

ഫിഫ റാങ്കിങ്ങിൽ മുന്നേറാനുള്ള അവസരമാണു തോൽവി വഴി ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഇരുടീമുകളും മുൻപേ യോഗ്യത ഉറപ്പിച്ചിരുന്നു. രണ്ടാം മിനിറ്റിൽ വഴങ്ങിയ ഗോളാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. 71–ാം മിനിറ്റിൽ രണ്ടാം ഗോളും ആതിഥേയർ നേടി.

കളി തീരാൻ രണ്ടുമിനിറ്റുള്ളപ്പോൾ ജെജെ ലാൽപെഖുല ഇന്ത്യയുടെ ആശ്വാസഗോൾ നേടി. നിലവിൽ ഫിഫ റാങ്കിങ്ങിൽ 99–ാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് ഇന്നലെ ജയിച്ചാൽ 87–ാം റാങ്കിലെത്താമായിരുന്നു.