കാട്ടാന വനത്തിനുള്ളിൽ ‘പുകവലിച്ചാൽ’ നമ്മളെന്തു കാട്ടാനാ?– വൈറൽ വിഡിയോ

കാട്ടാന പുകയൂതി വിടുന്നതിന്റെ വിഡിയോ ദൃശ്യം.

ബെംഗളൂരു∙ വനത്തിൽ തീയിടരുത്, പുകവലിക്കരുത് എന്നതൊക്കെ മനുഷ്യർ പാലിക്കേണ്ട മര്യാദകളാണ്. വനത്തിനുള്ളിൽ പുകവലിക്കണം എന്ന് ഒരാനയ്ക്കു തോന്നിയാലോ ? കാട്ടാന അങ്ങനെ ചെയ്താൽ ഞാനെന്തു കാട്ടാനാ എന്നു ചോദിക്കേണ്ടി വരും, ആന ‘പുകയൂതി’ കളിക്കുമ്പോൾ. കാട്ടുതീ പോലെ വൈറലാവുകയാണു ‘പുകവലിക്കുന്ന കാട്ടാന’യുടെ വിഡിയോ.

കർണാടകയിലെ നാഗർഹോളെ വനത്തിലാണ് ഈ രസികൻ ആനയെ കണ്ടെത്തിയത്. വൈൽഡ്‌ലൈഫ് കൺ‌സർവേഷൻ സൊസൈറ്റി (ഡബ്ല്യുസിഎസ്– ഇന്ത്യ) അസിസ്റ്റന്റ് ഡയറക്ടർ വിനയ് കുമാറാണ് 48 സെക്കൻഡുള്ള വിഡിയോ പകർത്തിയത്. മരത്തിന്റെ മറവിൽ നിൽക്കുന്ന ആന മണ്ണിൽ തുമ്പിക്കൈ കൊണ്ടു പരതുന്നതാണ് ആദ്യം കാണുക. പിന്നീട് എന്തോ എടുത്തു വായിൽ വയ്ക്കുകയും അടുത്ത നിമിഷത്തിൽ പുകയൂതി വിടുകയും ചെയ്യും. വിഡിയോയിൽ രണ്ടുതവണ ആന പുകയൂതുന്നതു കാണാം.

കാട്ടുതീയിൽ കത്തിനശിച്ച മരത്തിന്റെ വെണ്ണീറാണ് ആന തുമ്പിക്കയ്യിലെടുത്തു വായിൽ വയ്ക്കുന്നതും പുകയായി പുറത്തേക്കു വിടുന്നതും. വിഡിയോ കാണുമ്പോൾ പക്ഷേ, ആന ‘പുകവലിക്കുന്നതായി’ തോന്നുമെന്നതാണു കൗതുകം. വിഡിയോ ഇപ്പോഴാണു വൈറൽ ആയതെങ്കിലും രണ്ടു വർഷം മുൻപൊരു ദിവസം രാവിലെയാണു ചിത്രീകരിച്ചതെന്നു വിനയ് കുമാർ പറഞ്ഞു. മരത്തിന്റെ കരി ഭക്ഷണത്തിനായല്ല, ആരോഗ്യപരമായ ചില ആവശ്യങ്ങൾക്കാണ് ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ അകത്താക്കുന്നതെന്നു ഡബ്ല്യുസിഎസ്– ഇന്ത്യയിലെ ആന ഗവേഷകൻ വരുൺ ആർ.ഗോസ്വാമി പറഞ്ഞു.