Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിന് കനത്ത തിരിച്ചടിയുമായി റഷ്യ; 60 യുഎസ് ഉദ്യോഗസ്ഥരെ പുറത്താക്കി

Donald Trump and Vladimir Putin യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും. (ഫയൽ ചിത്രം)

ലണ്ടന്‍∙ ബ്രിട്ടന്റെ ചാരനായിരുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കും നേരെയുണ്ടായ വിഷവസ്തു പ്രയോഗത്തില്‍ റഷ്യയും അമേരിക്കൻ - യൂറോപ്പ് സഖ്യരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രയുദ്ധം അതിരുവിടുന്നു. ബ്രിട്ടനു പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയും നാറ്റോ ഉൾപ്പെടെയുള്ള 29 സഖ്യരാജ്യങ്ങളും 150 നയതന്ത്രപ്രതിനിധികളെ പുറത്താക്കിയതിന് അതേനാണയത്തിൽ ഇന്നലെ റഷ്യ തിരിച്ചടി നൽകി. 60 അമേരിക്കൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 150 നയതന്ത്രജ്ഞരോട് ഉടൻ രാജ്യം വിടാനാണു റഷ്യയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം സെന്റ് പീറ്റേഴ്സ്ബർഗിലെ അമേരിക്കൻ കോൺസുലേറ്റ് അടച്ചുപൂട്ടാനും റഷ്യ തീരുമാനിച്ചു. അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീഷണിക്കും സമ്മർദങ്ങൾക്കും വഴങ്ങാൻ തയാറല്ലെന്ന ശക്തമായ മുന്നറിയിപ്പാണു പുടിൻ ഭരണകൂടം ഈ നടപടികളിലൂടെ നൽകുന്നത്. ഒപ്പം വിഷവസ്തു പ്രയോഗത്തിൽ തങ്ങൾക്കു പങ്കില്ലെന്നു റഷ്യ ആവർത്തിക്കുകയും ചെയ്യുന്നു.

23 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി ബ്രിട്ടൻ തുടങ്ങിവച്ച നയതന്ത്രയുദ്ധത്തിന് അത്രയും ബ്രട്ടിഷ് നയതന്ത്രജ്ഞരെ പുറത്താക്കി റഷ്യ ഉടൻ മറുപടി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു കഴിഞ്ഞദിവസം അമേരിക്കയും യൂറോപ്പിലെ ബ്രിട്ടന്റെ സുഹൃദ് രാജ്യങ്ങളും ചേർന്നു 150 നയതന്ത്രപ്രതിനിധികളെ പുറത്താക്കാൻ തീരുമാനിച്ചത്. ഇതിനും ഇപ്പോൾ ഉരുളക്കുപ്പേരി എന്ന കണക്കിൽ റഷ്യ തിരിച്ചടി നൽകിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ പോര് രൂക്ഷമാകുമെന്ന സൂചനയും ഇരുകൂട്ടരും പ്രസ്താവനകളിലൂടെ നൽകുന്നുണ്ട്.

അമേരിക്കയ്ക്കു പുറമേ അൽബേനിയ, ഓസ്ട്രേലിയ, കാനഡ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, എസ്തോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, മാസിഡോണിയ, മോൾഡോവ, നെതർലൻഡ്സ്, നോർവെ, പോളണ്ട്, റൊമേനിയ, സ്പെയിൻ, സ്വീഡൻ, യുക്രെയ്ൻ, ബൽജിയം, ഹംഗറി, ജോർജിയ, മോണ്ടിനഗ്രോ എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളോടാണു റഷ്യ രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇവർ തിരിച്ചുവിട്ട റഷ്യൻ നയതന്ത്രജ്ഞർക്കു തുല്യമായ അംഗങ്ങൾ രാജ്യം വിടണമെന്നാണു നിർദേശം.

മൂന്നാഴ്ച മുമ്പ് ബ്രിട്ടനിലെ സാലിസ്ബറിയില്‍ വച്ചായിരുന്നു ബ്രിട്ടനുവേണ്ടി ചാരപ്പണി ചെയ്തിരുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ സെർഗെയ് സ്ക്രീപലിനും(66) മകള്‍ യൂലിയയ്ക്കും(33) നേരേ വിഷവസ്തു പ്രയോഗം ഉണ്ടായത്. അബോധാവസ്ഥയിലായ ഇരുവരും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

ഷോപ്പിങ് സെന്ററിലെ റസ്റ്റൊറന്റിനു മുന്നിലിരുന്ന ഇരുവരും പെട്ടെന്ന് അസ്വാഭാവികമായ സ്വഭാവമാറ്റം കാണിക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയുമായിരുന്നു. റഷ്യന്‍ സൈന്യത്തിലെ മുന്‍ കേണലായിരുന്നു സെര്‍ജി. യൂറോപ്പില്‍ പലയിടങ്ങളിലായുള്ള റഷ്യന്‍ ഏജന്റുമാരുടെ വിവരങ്ങള്‍ ബ്രിട്ടനു ചോ‍ത്തി നല്‍കിയതിനു പിന്നീട് റഷ്യന്‍ പൊലീസിന്റെ പിടിയിലായി. വിചാരണയ്ക്കു ശേഷം തടവിലായിരുന്ന ഇദ്ദേഹത്തെ പിന്നീടു കുറ്റവാളി കൈമാറ്റ വ്യവസ്ഥയുടെ ഭാഗമായി അമേരിക്കയ്ക്കു കൈമാറി. അമേരിക്കയില്‍നിന്നാണ് ഇദ്ദേഹം ഏതാനും വര്‍ഷം മുമ്പ് ബ്രിട്ടനിലെത്തി കുടുംബത്തോടൊപ്പം ചേര്‍ന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഭാര്യയും മകനും മരിച്ചു. പിന്നീടു ബ്രിട്ടനില്‍ പ്രത്യേക താമസ സൗകര്യവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഇദ്ദേഹത്തിന് അനുവദിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് വാഹനാപകടത്തിലായിരുന്നു മകന്റെ മരണം.

മറ്റൊരു റഷ്യന്‍ ചാരനായിരുന്ന അലക്സാണ്ടര്‍ ലിത്വിനങ്കോയും 2006ല്‍ ഏറെക്കുറെ സമാനമായ സാഹചര്യത്തില്‍ വിഷപ്രയോഗത്തിനിരയായി ബ്രിട്ടനില്‍ കൊല്ലപ്പെട്ടിരുന്നു. പൊളോണിയം എന്ന രാസവസ്തു ഉപയോഗിച്ചായിരുന്നു അദ്ദേഹത്തെ അപായപ്പെടുത്തിയത്. ഇതിനു പിന്നില്‍ റഷ്യയാണെന്ന് അന്നുമുതല്‍ ബ്രിട്ടനും അമേരിക്കയും ആരോപിക്കുന്നതാണ്. ഈ തര്‍ക്കം നിലനില്‍ക്കെയാണ് ഇപ്പോള്‍ പുതിയ തര്‍ക്കവിഷയമായി തീർന്നിരിക്കുകയാണ് സെർഗെയ്ക്കു നേരെയുണ്ടായ വിഷ പ്രയോഗം.

യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയുമായി അനുദിനം വഷളാകുന്ന റഷ്യയുടെ നയതന്ത്രബന്ധം ഉടൻ മോസ്കോയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മൽസരത്തെ ബാധിക്കുമോ എന്നതാണ് ഏറ്റവും ആശങ്കാകരമായ കാര്യം.

related stories