ആ ചോർച്ച ഒരാഴ്ച മുന്‍പു പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു: തെളിവുമായി വിദ്യാര്‍ഥിനി

ജാന്‍വി ബെഹല്‍

ന്യൂഡൽഹി∙ സിബിഎസ്ഇ ചോദ്യച്ചോര്‍ച്ച, പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പു തന്നെ പ്രധാനമന്ത്രിയെ കത്തെഴുതി അറിയിച്ചിരുന്നെന്നു വെളിപ്പെടുത്തി പഞ്ചാബിലെ വിദ്യാര്‍ഥിനി. മാര്‍ച്ച് 17നു സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണു പ്രധാനമന്ത്രിക്കു കത്തെഴുതിയതെന്നു ലുധിയാനയിലെ ജാന്‍വി ബെഹല്‍ അറിയിച്ചു. എന്നാൽ നടപടിയെടുത്തില്ല. ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിലുള്ളവരെ പിടികൂടണമെന്നും ജാൻവി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ജാൻവിയും സഹപാഠികളും ഒരു അധ്യാപകനും ചേർന്നാണു ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്. വാട്ട്സാപ് വഴി ഇവ ചോർത്തിക്കൊടുക്കുന്നവരുമായി ബന്ധപ്പെട്ടിരുന്നു. വിവരം ലഭിച്ചതിനുപിന്നാലെ പൊലീസിനെയും അറിയിച്ചു. എന്നാൽ നടപടിയുണ്ടായില്ലെന്നും ജാൻവി വ്യക്തമാക്കി.

ചോദ്യച്ചോര്‍ച്ച തടയാന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകര്‍ വിദ്യാര്‍ഥികളുടെ സഹായം അഭ്യര്‍ഥിച്ചതിനു തൊട്ടുപിന്നാലെയാണു ജാന്‍വിയുടെ പ്രതികരണം. അതേസമയം, ചോദ്യച്ചോര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണു രക്ഷിതാക്കള്‍.