മൂന്നാറിലെ ലൗ ഡെയ്ല്‍ റിസോര്‍ട്ട് സർക്കാർ ഏറ്റെടുത്തു; ഇനി കെട്ടിടം വില്ലേജ് ഓഫിസ്

മൂന്നാർ∙ ഏലം കുത്തക പാട്ട വ്യവസ്ഥ ലംഘിച്ചു മൂന്നാറിൽ പ്രവർത്തിച്ച ലൗ ഡെയ്ൽ റിസോർട്ട് സർക്കാർ ഏറ്റെടുത്തു. ഹൈക്കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിലും സ്ഥലം വിട്ടു നൽകാൻ കൈവശക്കാരൻ തയാറാകാത്തതിനെ തുടർന്നായിരുന്നു റവന്യൂ വകുപ്പിന്റെ നടപടി. ഏറ്റെടുത്ത കെട്ടിടം മൂന്നാർ വില്ലേജ് ഓഫിസായി പ്രവർത്തിക്കും.

ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ് കലക്ടറായിരിക്കെ തുടങ്ങിവച്ച നടപടികളാണ് റവന്യൂ വകുപ്പ് പൂർത്തിയാക്കിയത്. സബ് കലക്ടർ വി.ആർ. പ്രേംകുമാറിന്റെ നിർദേശ പ്രകാരം രാവിലെ ഏഴിനു റവന്യൂ ഉദ്യോഗസ്ഥർ സ്ഥലതെത്തി നടപടി ആരംഭിച്ചു. മൂന്നാറിലെ സിപിഐ ഓഫിസിന് സമീപത്തെ 22 സെന്റ് ഭൂമിയാണു തിരിച്ചുപിടിച്ചത്.

1986ൽ കോട്ടയം സ്വദേശി മണർകാട് തോമസിന് ഏലം കുത്തകപ്പാട്ട വ്യവസ്ഥകൾ പ്രകാരം നൽകിയ ഭൂമി പിന്നീട് റിസോർട്ട് മാഫിയ കൈവശപ്പെടുത്തി. ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചതോടെ സ്ഥലം കൈവശം വെച്ചിരിക്കുന്ന മൂന്നാർ സ്വദേശി വി.വി.ജോർജ് ഹൈക്കോടതിയെ സമീപിച്ചു. റവന്യൂ നടപടി മരവിപ്പിക്കാൻ  മൂന്നാറിലെ പ്രാദേശിക നേതാക്കൾ സർക്കാരിലും സമ്മർദം ചെലുത്തി. എന്നാൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ഭൂമി ഏറ്റെടുക്കാൻ ഉത്തരവിടുകയായിരുന്നു.

എറ്റെടുത്ത കെട്ടിടത്തിന് മുന്നിൽ വില്ലേജ് ഓഫിസെന്ന ബോർഡും സ്ഥാപിച്ചു. 2014 കെഡിഎച്ച് വില്ലേജിനെ വിഭജിച്ച് മൂന്നാർ വില്ലേജ് രൂപീകരിച്ചെങ്കിലും കെട്ടിടം ഇല്ലാത്തതിനെ തുടർന്ന് ഓഫിസ് പ്രവർത്തിച്ചിരുന്നില്ല. വില്ലേജ് ഓഫിസറും ഉദ്യോഗസ്ഥരും ഉടൻ ചുമതലയേൽക്കും.