ചോദ്യപേപ്പർ ചോർന്നത് വ്യത്യസ്ത വഴികളിലൂടെ; അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക്

ന്യൂഡൽ‌ഹി∙ സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ ഉദ്യോഗസ്ഥർക്കു പങ്കുള്ളതായി സൂചന. പരീക്ഷാ കണ്‍ട്രോളറെയും ഡൽഹിയിലെ സിബിഎസ്ഇ ആസ്ഥാനത്തെ ഉദ്യോഗസ്ഥരെയും അന്വഷണ സംഘം ചോദ്യം ചെയ്‌തേക്കും. അതിനിടെ ചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഹരിയാനയിലെ സോണിപത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത സിബിഎസ്ഇ ഉദ്യോഗസ്‌ഥൻ കെ.എസ്.റാണയിൽ നിന്നാണ് കൂടുതൽ പേർക്കു ക്രമക്കേടിൽ പങ്കുള്ളതായി സൂചന ലഭിച്ചത്. സിബിഎസ്ഇ ആസ്ഥാനത്തും പരീക്ഷാഭവനിലും അന്വഷണ സംഘം നടത്തിയ മിന്നൽ പരിശോധനയിലും ഉദ്യോഗസ്ഥ, മാഫിയാ ബന്ധത്തെക്കുറിച്ചു മതിയായ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇന്നും നാളെയുമായി കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

വ്യത്യസ്ത വഴിയിലൂടെയാണു ചോദ്യപേപ്പർ ചോർന്നിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പക്ഷെ പഞ്ചാബിലും ഹരിയാനയിലും ചോദ്യപേപ്പർ മാർച്ച് 17നു മുൻപ് ചോർന്നതിനു പിന്നിൽ സിബിഎസ്ഇ ആസ്ഥാനത്തെ ഉദോഗസ്ഥർക്കും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. നിലവിൽ മൂന്നു അധ്യാപകർ ഉൾപ്പെടെ 15 പേരെ അന്വഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്വഷണത്തിൽ തൃപ്തിയില്ലെന്ന് ആരോപിച്ച രക്ഷിതാക്കളും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വഷണം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. അതിനിടെ പത്താം ക്ലാസ് കണക്ക് പരീക്ഷ നടത്തുമോയെന്ന കാര്യത്തിൽ ഏപ്രിൽ 16 നകം വ്യക്തത വരുത്തണമെന്ന് സിബിഎസ്ഇയോട് കോടതി ആവശ്യപ്പെട്ടിരുന്നു.