യുവെന്റസിനെ എതിരില്ലാത്ത മൂന്നുഗോളിനു തകര്‍ത്ത് റയല്‍ മഡ്രിഡ്, ബയേണും വിജയികൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവെന്റസുമായുള്ള മൽസരത്തിനിടെ.

ടൂറിൻ (ഇറ്റലി)∙ ക്രിസ്റ്റ്യാനോ റൊണാൾ‌ഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ, ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യപാദ മത്സരത്തിൽ യുവെന്റസിനെതിരെ അവരുടെ തട്ടകത്തിൽ റയൽ മഡ്രിഡിന് ആധികാരിക ജയം (0–3). കളിയുടെ മൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഗോളടിക്കു തുടക്കമിട്ടു. ഇതോടെ തുടർച്ചയായി 10 ചാംപ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി.

ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ പലപ്പോഴും പരുക്കൻ അടവുകളും കണ്ടു. 64ാം മിനിറ്റിൽ മനോഹരമായ ബൈസിക്കിൾ കിക്കിലൂടെ റൊണാൾഡോ രണ്ടാം ഗോൾ നേടിയതിനു തൊട്ടുപിന്നാലെ, യുവെന്റസിന്റെ ഡിബാല ചുവപ്പുകാർഡ് കണ്ടു പുറത്തായി. 72ാം മിനിറ്റിൽ മാഴ്സലോ റയലിന്റെ മൂന്നാം ഗോളും നേടി.

മറ്റൊരു മല്‍സരത്തില്‍ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു ബയേണ്‍ തോല്‍പിച്ചു. തുല്യശക്തികളുടെ പോരില്‍ 32ാം മിനിറ്റില്‍ സെവിയ്യയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാൽ തൊട്ടടുത്ത മിനിറ്റിലെ സെല്‍ഫ് ഗോളിലൂടെ കളിയിലെ മുന്‍തൂക്കം സെവിയ്യ നഷ്ടപ്പെടുത്തി. പിന്നീടു രണ്ടാം പകുതിയില്‍ തിയാഗോയുടെ ഉശിരന്‍ ഹെഡറിയൂടെ കളി ബയേണ്‍ സ്വന്തമാക്കി.