Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹിരാകാശത്തും പാക്കിസ്ഥാന് ചൈനയുടെ സഹായം; രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിക്കും

satelite Representative Image

ബെയ്ജിങ്∙ പാക്കിസ്ഥാനു വേണ്ടി രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ചൈന ഒരുങ്ങുന്നു. സിഎഎൽവിടി (ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്ക്ൾ ടെക്നോളജി) ആയിരിക്കും അടുത്ത ജൂണിൽ പാക്കിസ്ഥാനു വേണ്ടി രണ്ടു റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. ലോങ് മാർച്ച് 2സി റോക്കറ്റിലായിരിക്കും പാക്ക് ഉപഗ്രഹങ്ങൾ കുതിക്കുക.

1999ല്‍ മോട്ടറോള ഇറിഡിയം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റാണു ലോങ്മാര്‍ച്ച് 2സി. അതിനുശേഷം ആദ്യമായാണു ലോങ്മാർച്ച് രാജ്യാന്തര വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമാകുന്നത്. ചൈനയുടെയും ഫ്രാൻസിന്റെയും സംയുക്ത സമുദ്രവിജ്ഞാന ഉപഗ്രഹത്തെ സെപ്റ്റംബറിൽ ഇതേ റോക്കറ്റിൽ ഭ്രമണപഥത്തിലെത്തിക്കുമെന്നും സിന്‍ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

2011ൽ പാക്കിസ്ഥാന്റെ ആശയവിനിമയ ഉപഗ്രഹമായ പാക്സാറ്റ്–1ആർ വിക്ഷേപിച്ചതു ചൈനയായിരുന്നു. 2016ൽ ചൈനയും പാക്കിസ്ഥാനും പ്രത്യേക റിമോട്ട് സെൻസിങ് ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു. പാക്കിസ്ഥാന് ‍– ചൈന സാമ്പത്തിക ഇടനാഴിയുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനാണ് ഇതുപയോഗിക്കുക. സൈന്യത്തിനു കരുത്തു പകരുന്നതിനായി അത്യാധുനിക മിസൈൽ ട്രാക്കിങ് സംവിധാനം ചൈനയിൽനിന്നു പാക്കിസ്ഥാൻ നേരത്തെ സ്വന്തമാക്കിയിരുന്നു. പുതിയ മിസൈൽ പരീക്ഷണങ്ങളിൽ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി ഈ സംവിധാനങ്ങളും പാക്കിസ്ഥാൻ ഉപയോഗിച്ചു തുടങ്ങിയതായാണു സൂചന.

related stories