Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

500 കോടിയുടെ ചെക്ക് മടങ്ങി; പാക്കിസ്ഥാനെ വിശ്വസിച്ച ചൈനീസ് പദ്ധതി ‘കയ്യാലപ്പുറത്ത്’

Pakistan-China പാക്കിസ്ഥാനിലെ സിപിഇസി പദ്ധതി മേഖലകളിലൊന്നിൽ ചൈനീസ് തൊഴിലാളികൾ. (ഫയൽ ചിത്രം)

ഇസ്‌ലാമാബാദ്∙ അറബിക്കടലിന്റെ ‘രാജാവാകാൻ’ ലക്ഷ്യമിട്ടു ചൈന പാക്കിസ്ഥാനുമായി ചേർന്നൊരുക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിക്ക് വൻ തിരിച്ചടി. ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതി സാമ്പത്തിക പ്രതിസന്ധി കാരണം പാതിവഴിയിൽ നിർത്തിയതായാണു റിപ്പോർട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഒട്ടേറെ നിർമാണ പ്രവൃത്തികൾ പണം ലഭിക്കാത്തതിനെത്തുടർന്ന് നിലച്ച അവസ്ഥയിലാണ്. പാക്കിസ്ഥാന്റെ നാഷനൽ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട കരാറുകൾക്കാണു തിരിച്ചടി. 

കരാറുകാർക്കായി അതോറിറ്റി നൽകിയ ഏകദേശം 500 കോടി രൂപയുടെ ചെക്കുകൾ കഴിഞ്ഞ ദിവസം തിരിച്ചടിച്ചു. തുടർന്നാണു നിർമാണ പ്രവൃത്തികളെല്ലാം നിർത്തിവച്ചതെന്ന് ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്തു. ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവിലാണ് ചൈന പാക്കിസ്ഥാനുമായി ചേർന്നു പദ്ധതി നടപ്പാക്കുന്നത്. ചൈനയുടെ വൺ ബെൽറ്റ്, വൺ റോഡ്(ഒബോർ) പദ്ധതിയുടെ ഭാഗമായാണ് പാക്കിസ്ഥാനിൽ സിപിഇസി നിർമാണ പ്രവൃത്തികൾ നടക്കുന്നത്. വൻതോതിൽ റോഡുകളും തുറമുഖ വികസന പദ്ധതികളെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. 

നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഷിൻജിയാങ്ങുമായി പാക്കിസ്ഥാന്റെ ഗ്വാദർ തുറമുഖം ബന്ധിപ്പിക്കപ്പെടും. ബലൂചിസ്ഥാനിലെ ഈ തുറമുഖവുമായി ബന്ധപ്പെടുന്നതോടെ അറബിക്കടലിൽ നിർണായക സ്വാധീന ശക്തിയാകാനും ചൈനയ്ക്കു സാധിക്കും. അതിനിടെയാണു വിശ്വസിച്ചു കൂടെച്ചേർത്ത രാജ്യത്തിന്റെ ഭാഗത്തു നിന്നു സാമ്പത്തിക പ്രതിസന്ധിയെന്ന തിരിച്ചടി.

നിർമാണം ആരംഭിച്ച് ഇതാദ്യമായാണ് സിപിഇസിയിൽ പണത്തിന്റെ പേരിലുള്ള പ്രതിസന്ധിയുണ്ടാകുന്നത്. സിപിഇസിയുടെ ഭാഗമായുള്ള പടിഞ്ഞാറൻ സഞ്ചാരപാത, കറാച്ചി–ലാഹോർ മോട്ടോർ വേയുടെ എല്ലാ ഭാഗങ്ങളും ഉൾപ്പെടെയുള്ളയിടങ്ങളിൽ നിർമാണം നിലച്ച അവസ്ഥയാണ്. 

സിപിഇസി പദ്ധതികളെ മാത്രമല്ല നിർമാണ മേഖലയിലെ മറ്റു പ്രാദേശിക വ്യവസായങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണു സാമ്പത്തിക പ്രതിസന്ധിയെന്നും ‘ഡോൺ’ റിപ്പോർട്ടിൽ പറയുന്നു.

500 കോടി രൂപയുടെ ചെക്ക് നൽകിയതിൽ 150 കോടിയുടേത് പാസാക്കിയെന്നാണ് ഹൈവേ അതോറിറ്റി പറയുന്നത്. ഇതിനു പിന്നാലെ നൽകിയ 350 കോടിയുടെ ചെക്കുകളാകട്ടെ പാസ്സാക്കിയതുമില്ല. സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പരിഹാരം കാണുമെന്നാണു പ്രതീക്ഷയെന്നും അതോറിറ്റി അധികൃതർ അറിയിച്ചു. ഡിസംബറിനു മുൻപു നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ പദ്ധതി ഇനിയും വൈകും. 

related stories