യൂട്യൂബിൽ ‘തോക്കുനിയന്ത്രണം’ വരുന്നതിനു പിന്നാലെ വെടിവയ്പ്; ജീവനക്കാരെ ആശ്വസിപ്പിച്ച് പിച്ചൈ

സാൻബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പിനെത്തുടർന്ന് പൊലീസ് എത്തിയപ്പോൾ(ഇടത്) നസീം അഘ്ദാമിന്റെ യൂട്യൂബ് വിഡിയോയിൽ നിന്ന് (വലത്)

കലിഫോർണിയ∙ വടക്കൻ കലിഫോർണിയയിൽ സാൻ‌ഫ്രാൻസിസ്കോയ്ക്കു സമീപം സാൻബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പിൽ നാലുപേർക്കു പരുക്കേറ്റു. ആക്രമണം നടത്തിയ മുപ്പത്തൊൻപതുകാരി നസീം അഘ്ദാമിനെ കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തന്റെ വിഡിയോകൾ ഫിൽട്ടർ ചെയ്യുന്നതായി ഇവർ യൂട്യൂബിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. 

അതേസമയം, സംഭവം നിയന്ത്രണ വിധേയമാണെന്നും പരുക്കേറ്റവർക്ക് ആവശ്യമായ മെഡിക്കൽ സഹായം ലഭ്യമാക്കുകയാണെന്നും മാതൃസ്ഥാപനമായ ഗൂഗിൾ സിഇഒ സുന്ദർപിച്ചൈ ജീവനക്കാർക്കെഴുതിയ കത്തിൽ അറിയിച്ചു. വെടിവയ്പ് തടയാൻ അവസരോചിതമായി പ്രവർത്തിച്ച ഓഫിസിന്റെ സുരക്ഷാസംഘത്തെയും പൊലീസിനെയും അദ്ദേഹം അനുമോദിച്ചു. യൂട്യൂബ് സിഇഒ സൂസന്‍ വജ്സ്കിയ്ക്കും ജീവനക്കാർക്കുമുള്ള പിന്തുണയും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

തോക്കുവിൽപന പ്രോൽസാഹിപ്പിക്കുന്ന വിഡിയോകൾ നിരോധിക്കുമെന്നു കഴിഞ്ഞ മാസം യൂട്യൂബ് പ്രഖ്യാപിച്ചിരുന്നു. തോക്കുകൾ എങ്ങനെ നിർമിക്കണമെന്നും ഉപയോഗിക്കണമെന്നും പഠിപ്പിക്കുന്ന വിഡിയോകളും യൂട്യൂബിലുണ്ടായിരുന്നു. ഇവയെല്ലാം നിരോധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതിനു പിന്നാലെയാണു വെടിവയ്പ്.

യൂട്യൂബ് തന്റെ ചാനലിന് എതിരെ പ്രവർത്തിക്കുന്നുവെന്നു കാട്ടി നസീം സ്വന്തം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കുറിപ്പ്.

പിന്നിൽ യൂട്യൂബ് ‘സസ്പെൻഷൻ’?

യൂട്യൂബിലെ ചാനലിൽനിന്നുള്ള വരുമാനത്തിൽ കമ്പനി കുറവു വരുത്തുന്നതായും വേർതിരിവു കാട്ടുന്നതുമായി അടുത്തിടെ നസീം ആരോപിച്ചിരുന്നു. ഇക്കാര്യം വിശദീകരിക്കുന്ന യൂട്യൂബ് വിഡിയോയും പോസ്റ്റ് ചെയ്തു. ‘ടേംസ് ഓഫ് കണ്ടീഷൻസ്’ ലംഘിച്ചെന്ന് ആരോപിച്ച് യൂട്യൂബ് ഇവരുടെ ചാനൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. nasimesabz.com എന്ന വെബ്സൈറ്റും ഇവർക്കുണ്ട്.

കൈത്തോക്കുമായി യൂട്യൂബ് ആസ്ഥാനത്തെത്തിയ ഇവർ ജീവനക്കാർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരാളുടെ അവസ്ഥ ഗുരുതരമാണ്. സ്ഥാപനത്തിന്റെ ഔട്ട്ഡോർ പാഷ്യോ, ഡൈനിങ് കോർട്ട്‌യാർഡ് ഭാഗത്തേക്കാണ് ഉച്ചഭക്ഷണസമയത്തു നസീമെത്തിയത്. കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്നതിനു മുൻപുതന്നെ വെടിയുതിർത്തുതുടങ്ങിയിരുന്നു.

ഒൻപത് എംഎം കൈത്തോക്ക് ഉപയോഗിച്ച് ഒരു പുരുഷനെയും രണ്ടു സ്ത്രീകളെയുമാണ് നസീം വെടിവച്ചത്. പിന്നീട് സ്വയം വെടിവയ്ക്കുകയായിരുന്നു. ഈ മേഖലയിൽനിന്ന് ഒഴിഞ്ഞുനിൽ‌ക്കണമെന്നു പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നൽകിയിരുന്നു. വെടിയൊച്ച കേട്ടതായും ആളുകൾ പരിഭ്രാന്തരാണെന്നും ജീവനക്കാരിൽ ചിലർ ട്വീറ്റ് ചെയ്തു.

നസീം യൂട്യൂബിൽ സജീവം

മധ്യപൂർവേഷ്യൻ സ്വദേശിയായ നസീം സമൂഹമാധ്യമങ്ങളായ യൂട്യൂബിലും ഫെയ്സ്ബുക്കിലും വളരെ സജീവമാണ്. ഒരു വിഡിയോയിൽ അവർ യൂട്യൂബ് തന്റെ ചാനലുകളെ നിയന്ത്രിക്കുന്നുവെന്നും വിഡിയോകൾ ഫിൽട്ടർ ചെയ്യുന്നുവെന്നും വേർതിരിവു കാട്ടുന്നുവെന്നും ആരോപിച്ചിരുന്നു. ഒരേപോലെ വളരാനുള്ള അവസരം യൂട്യൂബ് നൽകുന്നില്ലെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചതായും റിപ്പോർട്ടുകളുണ്ട്.

2011 മുതൽ Nasim Wonder1 എന്ന പേരിലുള്ള ചാനലിൽ ഇവർ തുടർച്ചയായി വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. മൂന്നാഴ്ച മുൻപു വന്ന ‘വീട്ടിലിരുന്നു കാലിനു ചെയ്യാവുന്ന വ്യായാമം’ എന്ന വിഡിയോയാണ് അവസാനമായി പോസ്റ്റ് ചെയ്തതത്. തന്റെ വിഡിയോകൾ യൂട്യൂബ് ഡീമോണെറ്റൈസ് (വരുമാനമുണ്ടാക്കുന്ന വിഭാഗത്തിൽനിന്നു മാറ്റുക) ചെയ്യുകയാണെന്നാണ് ഇവരുടെ പരാതി.

അതേസമയം, നസീം വെടിയുതിർത്തവരിൽ ഒരാൾ അവരുടെ കാമുകനാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇയാളുടെ അവസ്ഥ ഗുരുതരമാണ്. വെടിയുതിർക്കുന്നതിനുമുൻപുണ്ടായ വാക്കേറ്റത്തിൽ ഇയാൾ ‘നിനക്കെന്നെ െവടിവയ്ക്കണോ’ എന്നു ചോദിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എംഎസ്എൻബിസി മാധ്യമം റിപ്പോർട്ട് ചെയ്തു. ഗാർഹിക പ്രശ്നങ്ങളാണോ വെടിവയ്പ്പിലേക്കു നയിച്ചതെന്നും പരിശോധിക്കുന്നു.