സിറിയൻ സൈന്യത്തിന്റെ രാസായുധ പ്രയോഗം; ശ്വാസം നിലച്ച് കുരുന്നുകൾ – വിഡിയോ

കിഴക്കൻ ഗൗട്ടയിൽ സിറിയ നടത്തിയ രാസായുധ പ്രയോഗത്തിന്റേതായി പ്രചരിക്കുന്ന ട്വിറ്റർ ദൃശ്യങ്ങൾ.

ബെയ്റൂട്ട്∙ വിമതരുടെ കീഴിലുള്ള കിഴക്കൻ ഗൗട്ട പിടിച്ചെടുക്കാൻ മനുഷ്യാവകാശങ്ങൾ സകലതും ലംഘിച്ചുകൊണ്ട് റഷ്യയുടെ പിന്തുണയോടെ സിറിയൻ സൈന്യം ‘നരവേട്ട’ തുടരുന്നു. ശനിയാഴ്ച രാത്രി കുരുന്നുകളെയും മാതാപിതാക്കളെയും രാസായുധ പ്രയോഗത്തിലൂടെ കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങളാണു പുതുതായി ലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്. കിഴക്കൻ ഗൗട്ടയിലെ ഡൂമയിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ രാസായുധ പ്രയോഗത്തിൽ 41 പേർ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റിയും (സാംസ്) സ്ഥിരീകരിച്ചു.

വായിൽനിന്നു നുരയും പതയുമൊലിപ്പിച്ചു കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ഉൾപ്പെടെ ദയനീയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കുട്ടികൾക്ക് ഓക്സിജൻ നൽകിയും വെള്ളമൊഴിച്ചു ശരീരം തണുപ്പിച്ചും രാസായുധങ്ങളിൽ നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെ വിഡിയോകളും ഡൂമയിൽ നിന്നു പാശ്ചാത്യ മാധ്യമങ്ങൾ പങ്കുവച്ചു. നൂറ്റൻപതിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും വർധിക്കാനാണു സാധ്യതയെന്നും മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സിവിൽ ഡിഫൻസ് റെസ്ക്യൂ സര്‍വീസ് ട്വീറ്റ് ചെയ്തു.

സാധാരണക്കാർക്കായി നിർമിച്ച ബോംബ് ഷെൽട്ടറിനു സമീപമായിരുന്നു രാസായുധ പ്രയോഗം. ഇതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. വിഡിയോയിൽ കാണുന്നതു സത്യമാണെങ്കിൽ രാജ്യാന്തര ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് യുഎസ് നിർദേശിച്ചു. എന്നാൽ രാസായുധം പ്രയോഗിച്ചെന്ന റിപ്പോർട്ട് സിറിയ നിഷേധിച്ചു. ‘ഡൂമയിലെ വിമത വിഭാഗമായ ‘ജയ്ഷ് അൽ–ഇസ്‌ലാം’ തകർച്ചയുടെ വക്കിലാണ്. ഈ സാഹചര്യത്തിൽ പരമാവധി നുണപ്രചാരണം നടത്താനാണ് അവരുടെ ശ്രമം’ – സിറിയൻ വാർത്താ ഏജൻസി ‘സന’ വ്യക്തമാക്കി.

വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ രാസായുധ പ്രയോഗം സ്ഥിരീകരിച്ചിട്ടില്ല: ‘ഒട്ടേറെ കുട്ടികളും മുതിർന്നവരും മരിച്ചു കിടക്കുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ട്. ഡൂമ സിറ്റിയിൽ ഏപ്രിൽ ഏഴിനു സംഭവിച്ചതെന്നു പറഞ്ഞാണു പ്രചാരണം. ഇപ്പോഴും അതിരൂക്ഷമായ ഗന്ധം ഇവിടെ നിലനിൽക്കുന്നുണ്ടെന്നും വിഡിയോ എടുക്കുന്നയാള്‍ പറയുന്നു’– റോയിട്ടേഴ്സ് തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കി.

സിറിയൻ പ്രസിഡന്റ് ബാഷർ അൽ–അസദിന്റെ കീഴിലുള്ള സൈന്യം റഷ്യയുടെ പിന്തുണയോടെ കിഴക്കൻ ഗൗട്ടയിലെ എല്ലാ വിമതകേന്ദ്രങ്ങളും പിടിച്ചെടുത്തതായാണു റിപ്പോർട്ട്്. ഫെബ്രുവരിയിൽ ആരംഭിച്ച ആക്രമണത്തിനൊടുവിൽ ഇപ്പോൾ ഡൂമ മാത്രമാണു വിമതരുടെ കൈവശമുള്ളത്. ഒരിടവേളയ്ക്കു ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ സൈന്യം ഇവിടെ ആക്രമണം പുനഃരാരംഭിച്ചു. സിറിയൻ ഒബ്സർവേറ്ററി ഓഫ് ഹ്യൂമൻ റൈറ്റ്സിന്റെ കണക്കു പ്രകാരം യുദ്ധത്തിൽ ഇതിനോടകം 1600ലേറെ പേർ കൊല്ലപ്പെട്ടു കഴിഞ്ഞു.

എന്നാൽ ശനിയാഴ്ചത്തെ രാസായുധ പ്രയോഗം സംഘടന സ്ഥിരീകരിച്ചിട്ടില്ല. ബോംബുകൾ വർഷിക്കുന്നതിനിടെയുണ്ടായ പുക സൃഷ്ടിച്ച ശ്വാസതടസ്സത്തിൽ 11 പേർ കൊല്ലപ്പെട്ടതായി പക്ഷേ അറിയിച്ചിട്ടുണ്ട്. എഴുപതോളം പേർ ശ്വാസതടസ്സത്തെത്തുടർന്നു ചികിത്സാസഹായം തേടിയെത്തി.

എന്നാൽ ഡൂമയിലെ ആശുപത്രിയിൽ ക്ലോറിൻ ബോംബ് പ്രയോഗിച്ചെന്നാണു സാംസ് വ്യക്തമാക്കിയത്. ആദ്യ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. പിന്നാലെ നാഡികളെ തളർത്തുന്ന രാസവസ്തുക്കൾ ഉൾപ്പെടെ ഒരുമിച്ചു പ്രയോഗിച്ചെന്നും റിപ്പോർട്ടുണ്ട്. ആശുപത്രിക്കു സമീപത്തെ കെട്ടിടമാണ് അങ്ങനെ തകർന്നത്. ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. അവരിലേറെയുമാകട്ടെ കുട്ടികളും സ്ത്രീകളും. ഇതുസംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയ്ക്കും യുഎസ് സർക്കാരിനും യൂറോപ്യൻ ഭരണാധികാരികൾക്കും റിപ്പോർട്ടുകൾ അയച്ചതായും സാംസ് വ്യക്തമാക്കി.

വടക്കുപടിഞ്ഞാറൻ സിറിയയിൽ 2017ൽ സിറിയൻ സൈന്യം രാസായുധ പ്രയോഗം നടത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് യുഎൻ സിറിയയെ ശാസിച്ചതുമാണ്. രാജ്യാന്തര സമൂഹം സിറിയയിലെ യുദ്ധത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന വിമർശനവും അടുത്തിടെ യുഎൻ ഉയർത്തിയിരുന്നു.