Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാക്രോണിനെ തള്ളി യുഎസ്; സിറിയയിൽനിന്ന് സൈന്യത്തെ ഉടൻ പിൻവലിക്കും

sarah-huckabee-sanders സാറാ സാൻഡേഴ്സ്

ബെയ്റൂട്ട്∙ സിറിയയ്ക്കെതിരായ യുഎസ് നിലപാടിൽ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ്. യുഎസ് സേന എത്രയും പെട്ടെന്ന് തിരികെ നാട്ടിലെത്തണമെന്നാണു പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടെന്ന് മാധ്യമസെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു. സിറിയയിൽ തുടരുന്നതിന്റെ ആവശ്യകത യുഎസിനെ ബോധ്യപ്പെടുത്തിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരത്തെ പറഞ്ഞിരുന്നു.

ആദ്യം മുതൽ തന്നെ ആക്രമണം നടത്തി തിരികെ പോരണമെന്നായിരുന്നു യുഎസിന്റെ നിലപാട്. എന്നാൽ തന്റെ പ്രത്യേക ആവശ്യപ്രകാരം അവർ യുഎസിൽ പങ്കെടുക്കുമെന്ന് മാക്രോൺ പറഞ്ഞു. വ്യോമാക്രമണം രാസായുധത്തിലേക്കു മാത്രമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇസ്‌ലാമിക് സ്റ്റേറിനെ പൂർണമായുംം ഇല്ലാതാക്കുകയും അവരുടെ തിരിച്ചുവരവ് തടയുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കുന്നു. കൂടാതെ പ്രാദേശിക സഖ്യകക്ഷികൾ കൂടുതൽ സൈനിക, സാമ്പത്തിക മേഖലകളിൽ കൂടുതൽ ഉത്തരവാദിത്തമേൽക്കണമെന്നും യുഎസ് പറഞ്ഞു.

യുഎസ് സമയം വെള്ളിയാഴ്ചയാണ് സിറിയയിലെ രാസായുധ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഡോണൾഡ് ട്രംപ് ഉത്തരവിട്ടത്. ഇതിനുപിന്നാലെ യുഎസും സഖ്യരാഷ്ട്രങ്ങളും ശക്തമായ ആക്രമണവുമായി രംഗത്തെത്തി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറ്റു രാഷ്ട്രങ്ങളും പ്രസ്താവനകൾ നടത്തിയിരുന്നു.

അതേസമയം. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ നടപ്പാക്കുന്നതില്‍ തീരുമാനം ഇന്നുണ്ടാവുമെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. രാസായുധ ഉപയോഗം പൂര്‍ണമായും നിര്‍ത്താന്‍ റഷ്യക്ക് താക്കീതു നല്‍കുകയാണു പുതിയ ഉപരോധങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സിറിയയിലെ ആക്രമണം രാസായുധം ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്നു പറഞ്ഞ നിക്കി, അസദിനെ പുറത്താക്കുക എന്നത് അമേരിക്കയുടെ ഉദ്ദേശ്യമല്ലെന്നും വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ ഇടപെട്ടു പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണുമെന്നാണു പ്രതീക്ഷയെന്നും ഹാലി പറഞ്ഞു.