ചൈനയുമായി ‘ഉരുക്കു’ ബന്ധം; സിപെക് സമയബന്ധിതമായി പൂർത്തിയാക്കും: അബ്ബാസി

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി

ബെയ്ജിങ്∙ പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ഉരുക്കുപോലെ ഉറച്ചതാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം മേഖലയിൽ നിർണായകവും പ്രധാന്യമർഹിക്കുന്നതുമാണ്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ഹൈനാൻ പ്രവിശ്യയിലെ ബാവോ സ്റ്റേറ്റ് ഗസ്റ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയ പാക്ക് പ്രധാനമന്ത്രി ചൈനയും പാക്കിസ്ഥാനും ഉൾപ്പെടുന്ന ചൈന–പാക്കിസ്ഥാൻ ഇക്കണോമിക് കോറിഡോർ(സിപിഇസി – സിപെക്) പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു.

50 ബില്യന്‍ ഡോളർ മുടക്കി നിർമിക്കുന്ന ചൈന–പാക്ക് സാമ്പത്തിക ഇടനാഴിയായ സിപെക്കിനെ പാക്ക് പ്രധാനമന്ത്രി വാനോളം പുകഴ്ത്തി. സഹകരണത്തിന്റെയും വികസനത്തിന്റെയും പ്രതീകമാണിത്. ചരിത്രത്തിൽ എവിടെ പരിശോധിച്ചാലും ചൈനയും പാക്കിസ്ഥാനും തമ്മിലുള്ളതിനു സമാനമായ മറ്റൊരു ബന്ധം കണ്ടെത്താനാവില്ല. എല്ലാ കാര്യത്തിലും നമ്മൾ ഉരുക്കു സഹോദരൻമാരാണ്. – അബ്ബാസി പറഞ്ഞു.

ചൈനയിൽ നടക്കുന്ന ബിഒഎഒ ഫോറത്തിലും പാക്കിസ്ഥാനുമായി ചൈന വച്ചുപുലർത്തുന്ന ബന്ധത്തെയും പുകഴ്ത്തി അബ്ബാസി പ്രസംഗിച്ചിരുന്നു. ചൈനയുമായി സഹകരിച്ച് പാക്കിസ്ഥാൻ നിർമിക്കുന്ന ഗ്വാദർ തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾ പരാമർശിക്കവേയാണ് ഉരുക്കുബന്ധമാണ് ചൈനയുമായുള്ളതെന്ന് അബ്ബാസി പറഞ്ഞത്. ഗ്വാദർ തുറമുഖം നിലവിൽ വരുന്നതോടെ കപ്പലുകൾ കേന്ദ്രമെന്നതിന് ഉപരിയായി സമ്പത്തിന്റെ കേന്ദ്രമായി അതു മാറുമെന്നായിരുന്നു ഒരു പരാമർശം. പടിഞ്ഞാറൻ ചൈന, മധ്യ, ദക്ഷിണ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള കപ്പൽ ഗതാഗതത്തിനു തുറമുഖം ഉപകരിക്കും. ചൈന–പാക്ക് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ആയിരങ്ങൾക്കു ജോലി ലഭിക്കുമെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.

ചൈനയുടെ തലപ്പത്ത് ആജീവനാന്ത ഭരണം ഉറപ്പിച്ച ഷി ചിൻ പിങ്ങിനെ അബ്ബാസി അഭിനന്ദിച്ചു. പാക്ക് അധീന കശ്മീരിലൂടെ നിർമിക്കുന്ന സാമ്പത്തിക ഇടനാഴിയിൽ കടുത്ത എതിർപ്പാണു ഇന്ത്യ ഉയർത്തുന്നത്. ചൈനീസ് പ്രസിഡന്റിന്റെ വൺ ബെൽറ്റ്  വൺ റോഡ് (ബിആർഇ) പദ്ധതിയുടെ അനുബന്ധമായാണു സാമ്പത്തിക ഇടനാഴിയുടെ നിർമാണം പുരോഗമിക്കുന്നത്.