ഉദയകുമാറിന്റെ ഉരുട്ടിക്കൊല: സാക്ഷിയുടെ ഹർജി സിബിഐ കോടതി തള്ളി

തിരുവനന്തപുരം ∙ ഫോർട്ട് സ്റ്റേഷനിൽ  ഉദയകുമാറിനെ  ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ സാക്ഷി നൽകിയ ഹർജി സിബിഐ കോടതി നിരസിച്ചു. സിബിഐ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നു, ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയുന്നു എന്നാരോപിച്ചു കേസിലെ ഒന്നാം സാക്ഷി സുരേഷ് കുമാർ നൽകിയ ഹർജിയാണു  കോടതി തള്ളിയത്.

എന്നാൽ കോടതിയിൽ മൊഴി‌ രേഖപ്പെടുത്തുകയും കൂറുമാറുകയും ചെയ്‌ത വ്യക്തിക്കു സിബിഐ എങ്ങനെയാണു ഭീഷണി ആകുന്നതെന്നും പരാതി നൽകുമ്പോൾ വ്യക്തമായ കാരണങ്ങൾ പറയാതെ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടമാക്കരുതെന്നും കോടതി താക്കീതു നൽകി. കേസ് പരിഗണിക്കുന്നതു 19ലേക്ക് മാറ്റി. 

2005 സെപ്റ്റംബർ 27നു ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ സ്റ്റേഷനിൽ ഉരുട്ടി കൊലപ്പെടുത്തിയെന്നാണു കേസ്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ്പി ഇ.കെ.സാബു, ഡിവൈഎസ്പി ടി.അജിത്ത് കുമാർ, എഎസ്ഐ വി.പി.മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, സോമൻ എന്നിവരാണു പ്രതികൾ.