Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിയ പോരാട്ടത്തിന്റെ അന്ത്യം തേടി പ്രഭാവതിയമ്മ

prabhavathi-amma പ്രഭാവതിയമ്മ

തിരുവനന്തപുരം∙ പ്രഭാവതിയമ്മയുടെ കാലിൽ ചെരിപ്പില്ല. വഞ്ചിയൂർ സിബിഐ കോടതി പരിസരത്തു രാവിലെ പെയ്ത മഴയിൽ ചെളിയിലൂടെ നടക്കുമ്പോൾ ഒട്ടും അമാന്തവുമില്ല. 13 വർഷം മുൻപു ഫോർട്ട് സ്റ്റേഷനിൽ മകൻ ഉദയകുമാറിനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതിനുശേഷം നീതിക്കുവേണ്ടി ഈ അമ്മ ഒറ്റയ്ക്കു നടന്ന കനൽവഴിയോളമില്ല ഒരു ചെളിക്കുണ്ടും. പിഞ്ചിയ വെള്ളസാരിയുമുടുത്തു കയ്യിലൊരു കുടയുമായി സഹോദരൻ മോഹനന്റെ കൈപിടിച്ച് ഇന്നലെയും പ്രഭാവതിയമ്മ കോടതിമുറ്റത്തെത്തി.

പ്രഭാവതിയമ്മ കോടതി മുറിക്കുള്ളിൽ കയറിയില്ല. വൈകിട്ടു വരെ വരാന്തയിലെ കൈവരിയിൽ പിടിച്ചുകൊണ്ടു ഉള്ളിലേക്കു കണ്ണുംനട്ടു നോക്കിനിന്നു. കോടതിയിലെ നടപടികൾ ചിലരൊക്കെ ചെവിയിൽ വന്നു പറഞ്ഞു. ഉച്ചയ്ക്കു പുറത്തിറങ്ങി ചായയും ഉഴുന്നുവടയും മാത്രം കഴിച്ചു. പുറത്തു നിന്ന ചാനലുകൾക്കു മുന്നിൽ സകലനിയന്ത്രണവും വിട്ടു പൊട്ടിക്കരഞ്ഞു, 'ഇനിയൊരമ്മയ്ക്കും എന്റെ ഗതിയുണ്ടാകരുത്, നീതിക്കായി ഒരുപാടലഞ്ഞു, ഇതൊരു പാഠമാകണം...' മകനെ കൊന്നവർക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തിൽ പോകുകയുള്ളൂവെന്നു പോലും ശപഥം ചെയ്ത അമ്മ നടത്തിയ നിയമയുദ്ധമാണു വിജയത്തോടടുക്കുന്നത്.

പ്രഭാവതിയുടെ ഏക മകനായിരുന്നു ഉദയകുമാർ. മകന് ഒരു വയസ്സുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു. വീട്ടുജോലിക്കു പോയാണു മകനെ വളർത്തിയത്. കേസിൽ പ്രധാന സാക്ഷി വരെ കൂറുമാറി. കേസ് അട്ടിമറിക്കാൻ പല കോണുകളിൽ നിന്നു ശ്രമമുണ്ടായി. പലതവണ ഹൈക്കോടതിയിൽ ഹർജിയുമായി പോയി. ചുളിവു വീണ വിറയാർന്ന ശരീരത്തിലെ മരവിക്കാത്ത മനസ്സ് മാത്രമായിരുന്നു ആയുധം. വഞ്ചിയൂർ കോടതിയുടെ മുറ്റത്തു പ്രഭാവതിയമ്മ ഇന്നു വീണ്ടുമെത്തും, 13 വർഷത്തെ നടപ്പിനു തീർപ്പുതേടി.

കൂറുമാറിയ സുരേഷ് നിയമനടപടി നേരിടും

തിരുവനന്തപുരം ∙ കേസിലെ വിചാരണയുടെ ആദ്യദിനം തന്നെ കൂറുമാറി പ്രതികളോടു കൂറു പ്രഖ്യാപിച്ച മുഖ്യസാക്ഷി സുരേഷ് കുമാർ നിയമ നടപടി നേരിടണം. ഉദയകുമാറിനൊപ്പം പൊലീസ് പിടികൂടിയ മോഷണക്കേസ് പ്രതിയാണു സുരേഷ് കുമാർ. ഇയാൾക്കെതിരെ നടപടിയെടുക്കാൻ കോടതി സിബിഐയ്ക്ക് അനുമതി നൽകി. ഉരുട്ടിക്കൊലക്കേസ് അന്വേഷണം പൂർത്തിയാക്കി വിചാരണ നടപടി ആദ്യം ആരംഭിച്ചതു 2007ൽ ആയിരുന്നു.

ആദ്യദിവസം തന്നെ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ മുഖ്യസാക്ഷി സുരേഷ് കുമാർ കൂറുമാറി. പിന്നീടു സിബിഐ കോടതിയിൽ ആറുവർഷം കഴിഞ്ഞപ്പോൾ രണ്ടാം തവണ കേസിന്റെ വിചാരണ നടപടികൾ 2017 ഫെബ്രുവരി ഒന്നിന് ആരംഭിച്ചപ്പോഴും സുരേഷ് നിലപാടു മാറ്റിയില്ല. മുഖ്യസാക്ഷിയായ ഇയാൾ ഹാജരാകാത്തതു കാരണം വിചാരണ നിർത്തിവയ്ക്കേണ്ടി വന്നു. അഞ്ചു മാസത്തിനു ശേഷം മൂന്നാം തവണ വിചാരണ തുടങ്ങിയപ്പോൾ സുഖമില്ലെന്നും മൊഴി നൽകാൻ സാധിക്കില്ലെന്നും ഇയാൾ കോടതിയെ അറിയിച്ചു. ഒരാഴ്ച സമയം അനുവദിച്ച ശേഷം രണ്ടാം സാക്ഷിയുടെ മൊഴി രേഖപ്പെടുത്തി വിചാരണ തുടങ്ങുകയായിരുന്നു.