Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തി തൊട്ടപ്പോൾ കറുത്തരക്തം ചീറിത്തെറിച്ചു; ഉരുട്ടിക്കൊലയിലെ നിർണായക റിപ്പോര്‍ട്ട്

udayakumar-kv-mohankumar ഉദയകുമാർ, കെ.വി.മോഹൻകുമാർ

തിരുവനന്തപുരം ∙ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ നിര്‍ണായകമായത് അന്നത്തെ ആര്‍ഡിഒയും ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെ.വി.മോഹന്‍കുമാറിന്റെ നിലപാടുകളാണ്. പൊലീസ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സൂക്ഷ്മപരിശോധനയിലൂടെ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു ആര്‍ഡിഒ. ഇതോടെ കേസിന്റെ ഗതിതന്നെ മാറി.

നെഞ്ചുവേദനയാണെന്ന കാരണം പറഞ്ഞ് പൊലീസുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്ന ഉദയകുമാര്‍ മരിച്ചതിനെത്തുടര്‍ന്ന് സിഐയുടെ അഭ്യര്‍ഥനപ്രകാരമാണ് ആര്‍ഡിഒ സ്ഥലത്തെത്തുന്നത്. മരണ കാരണത്തെക്കുറിച്ച് സംശയം ഉണ്ടായാല്‍ മൃതശരീരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത് ആര്‍ഡിഒയാണ്. ഉദയകുമാറിന് നെഞ്ചുവേദനയെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് മൃതദേഹം കാണാനായി മോഹന്‍കുമാര്‍ മോര്‍ച്ചറിയിലെത്തി. മോര്‍ച്ചറി വരാന്തയിലായിരുന്നു ശരീരം. പുറമേ പരിക്കുകളില്ല. വസ്ത്രം നീക്കാന്‍ ജീവനക്കാരോട് നിര്‍ദേശിച്ച ആര്‍ഡിഒയ്ക്ക് കാണാനായതു തുടയിലെ കറുത്ത പാടുകളാണ്. ത്വക്ക് രോഗത്തിന്റെ പാടുകളാണെന്നായിരുന്നു പൊലീസ് നിലപാട്. 

‘‘രണ്ടു തുടയിലും മുകള്‍ഭാഗത്തായിരുന്നു കറുത്തു കരുവാളിച്ച പാടുകള്‍. കറുത്ത ഭാഗത്ത് തൊട്ടപ്പോള്‍ വിരല്‍ താഴ്ന്നു പോയി. ത്വക്ക് രോഗത്തിന്റെ പാടുകളല്ലെന്ന് അപ്പോള്‍ തന്നെ മനസിലായി. ശരീരം വിശദമായി പരിശോധിച്ചപ്പോള്‍ പലയിടത്തും ഉരഞ്ഞ പാടുകളും അടിയുടെ പാടുകളും കണ്ടെത്തി. തുടര്‍ന്നു വിദഗ്ധ ഡോക്ടര്‍മാരെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നു റിപ്പോര്‍ട്ടു നല്‍കുകയായിരുന്നു’ - മോഹന്‍കുമാര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

കസ്റ്റഡിമരണം സംശയിക്കുന്നതായി ആര്‍ഡിഒ റിപ്പോര്‍ട്ടിലെഴുതിയതോടെ കേസിന്റെ സ്വഭാവം മാറി. മൃതദേഹത്തിന്റെ തുടയിലെ കറുത്തപാടില്‍ കത്തികൊണ്ട് തൊട്ടപ്പോള്‍ കറുത്ത രക്തം ചീറി തെറിച്ചെന്നാണു പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം വിഡിയോയില്‍ പകര്‍ത്തി. കനമുള്ള വസ്തുകൊണ്ട് ഉരുട്ടിയതു കൊണ്ടാണ് പാടുകളുണ്ടായതെന്നും രക്തകുഴലുകള്‍ പൊട്ടിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പൊലീസുകാര്‍ കുടുങ്ങി

കസ്റ്റഡി മരണമുണ്ടായാല്‍ ആര്‍ഡിഒ 90 ദിവസത്തിനകം ദേശീയ മനുഷ്യാവകാശ കമ്മിഷനു റിപ്പോര്‍ട്ട് നല്‍കണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു വന്നതിനുശേഷം, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടേയും അവസാനം ചികില്‍സിച്ച ഡോക്ടറുടേയും ഉദയകുമാറിന്റെ അമ്മയുടെയുമെല്ലാം മൊഴി രേഖപ്പെടുത്തി മോഹന്‍കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതിയില്‍ രണ്ടു പ്രാവശ്യം മൊഴി നല്‍കി. 1995ല്‍ അടൂരില്‍ ആര്‍ഡിഒയായാണ് മോഹന്‍കുമാര്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ആര്‍ഡിഒയായി മൂന്നാമത്തെ സ്ഥലം മാറ്റമാറ്റമായിരുന്നു തിരുവനന്തപുരത്തേക്ക്.