Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുട്ടിക്കൊലക്കേസ്: പ്രതികളായ രണ്ടു പൊലീസുകാർക്ക് വധശിക്ഷ

uruttikola-case പ്രതികളായ അജിത് കുമാർ, എസ്.വി. ശ്രീകുമാർ, കെ. ജിതകുമാർ, ഇ.കെ. സാബു

തിരുവനന്തപുരം∙ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ ആദ്യ രണ്ടു പ്രതികളായ പൊലീസുകാർക്ക് വധശിക്ഷ. മറ്റു മൂന്നു പൊലീസുകാർക്ക് മൂന്നുവർഷം വീതം തടവും വിധിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ.നാസറാണു വിധി പ്രസ്താവിച്ചത്. സർവീസിലിരിക്കുന്ന പൊലീസുകാർക്ക് വധശിക്ഷ വിധിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഒന്നാം പ്രതി കെ. ജിതകുമാർ, രണ്ടാം പ്രതി എസ്.വി. ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. പിഴത്തുകയായ നാലു ലക്ഷം രൂപ ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്കു നൽകണമെന്നും ഉത്തരവിൽ പറയുന്നു.

പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. നഗരത്തിലെ പാർക്കിൽനിന്നു മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാർ (28) തുടയിലെ രക്തധമനികൾ പൊട്ടി 2005 സെപ്റ്റംബർ 27നു രാത്രി പത്തരയോടെയാണു മരിച്ചത്.

ഒന്നും രണ്ടും പ്രതികളായ, ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാർ, എസ്.വി.ശ്രീകുമാർ എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഇരുവരെയും റിമാൻഡ് ചെയ്തു സ്പെഷൽ സബ് ജയിലിലേക്കു മാറ്റി. അഞ്ചു മുതൽ ഏഴു വരെ പ്രതികളായ ഡിവൈഎസ്പി അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവർക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, കൃത്രിമ രേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. ഇന്നു രാവിലെ വരെ ജാമ്യത്തിൽ തുടരാൻ ഇവരെ കോടതി അനുവദിച്ചു. കൊല നടക്കുമ്പോൾ അജിത്കുമാർ ഫോർട്ട് സ്റ്റേഷനിലെ എസ്ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മിഷണറും.

മൂന്നാം പ്രതി എഎസ്ഐ: കെ.വി.സോമനേയും കുറ്റക്കാരനായാണ് കണ്ടെത്തിയതെങ്കിലും വിചാരണ വേളയിൽ മരിച്ചതിനാൽ ശിക്ഷ ബാധകമല്ല. നാലാം പ്രതി വി.പി.മോഹനനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ആദ്യ മൂന്നു പ്രതികളാണു കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളികളായത്. കൂറുമാറിയ മുഖ്യസാക്ഷി സുരേഷിനെതിരെ നിയമ നടപടി സ്വീകരിക്കാൻ കോടതി സിബിഐക്ക് അനുമതി നൽകി. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 13 വർഷത്തിനു ശേഷമാണു വിധി. പ്രഭാവതിയമ്മ കോടതിയിലെത്തിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നാണു സിബിഐയുടെ കണ്ടെത്തൽ. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ഓഗസ്റ്റിലാണു സിബിഐ ഏറ്റെടുത്തത്.

പ്രതികൾ ഇപ്പോൾ:

കെ. ജിതകുമാർ: ഡിസിആർബി എഎസ്ഐ

എസ്.വി. ശ്രീകുമാർ: നാർക്കോട്ടിക് സെൽ സിവിൽ പൊലീസ് ഓഫിസർ

അജിത് കുമാർ: ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

ടി.കെ. ഹരിദാസ്, ഇ.കെ. സാബു: എസ്പിമാരായി വിരമിച്ചു