Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
police-jeep

തിരുവനന്തപുരം∙ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 59 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഈ ഉദ്യോസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഡിജിപി (ക്രൈം) അധ്യക്ഷനായ സമിതി ഡിജിപിക്ക് ശുപാര്‍ശ നല്‍കി.

ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഡിജിപി ലോക്നാഥ് ബെഹ്റയും. പൊലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടി സംബന്ധിച്ച് നിയമോപദേശം തേടും. നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ 59 ഉദ്യോഗസ്ഥരില്‍ പത്തോളം പേര്‍ സേനയ്ക്ക് പുറത്തുപോകേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം.

സ്ത്രീപീഡനം, കൊലപാതകശ്രമം, കുട്ടികളെ പീഡിപ്പിച്ചവര്‍ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ് പട്ടികയിൽ. എസ്ഐ മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥരാണ് നടപടി നേരിടേണ്ടി വരുന്നതില്‍ അധികവും.

പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെത്തുടര്‍ന്നു മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഡിജിപി ക്രൈം, ഇന്റലിജന്‍സ് ഐജി, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി, സെക്യൂരിറ്റി എസ്പി, എന്‍ആര്‍ഐ സെല്‍ എസ്പി എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചത്. 

സംസ്ഥാന പൊലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 1,129 ഉദ്യോഗസ്ഥരുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് ഏപ്രില്‍ മാസത്തില്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കിയിരുന്നത്. പത്തു ഡിവൈഎസ്പിമാരും എട്ട് സിഐമാരും എസ്ഐ - എഎസ്ഐ റാങ്കിലുള്ള 195 ഉദ്യോഗസ്ഥരുമാണ് ഈ പട്ടികയിലുണ്ടായിരുന്നത്.

തുടര്‍ന്ന് ഏപ്രില്‍ 24 ന് ഡിജിപി സമിതിക്ക് രൂപം നല്‍കി. സമിതി ഓരോ കേസും വിശദമായി പരിശോധിച്ച് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പേരുണ്ടെന്നു കണ്ടെത്തി. പിന്നീട് ഈ പട്ടിക വീണ്ടും പരിശോധിച്ചതിനുശേഷമാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 59 പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഈ പട്ടിക ഡിജിപിക്ക് കൈമാറി.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ സേനയുടെ അച്ചടക്കത്തിന് ഭീഷണിയാണെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ സേനയില്‍ തുടരാന്‍ പാടില്ലെന്ന നിലപാടാണ് ഡിജിപിക്ക്.

ശാരീരികവും മാനസികവും പെരുമാറ്റപരവുമായി ഒരാള്‍ പൊലീസ് ജോലിക്ക് ‘ അണ്‍ഫിറ്റാണെങ്കില്‍ ’ അയാളെ പുറത്താക്കാമെന്നാണ് കേരള പൊലീസ് ആക്ടിലെ 86(സി) വകുപ്പ് പറയുന്നത്. എന്നാല്‍ നടപടി നേരിടേണ്ടിവരുന്നവര്‍ കോടതിയെ സമീപിക്കാമെന്നതിനാല്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ചശേഷമായിരിക്കും നടപടി. 

നിയമോപദേശം ലഭിച്ചാല്‍, പട്ടികയിലുള്ള പൊലീസുകാരില്‍നിന്ന് വിശദീകരണം തേടും. പിഎസ്‌സിയോടും അഭിപ്രായം ആരായും. ഇതിനുശേഷമായിരിക്കും അച്ചടക്ക നടപടികള്‍ ആരംഭിക്കുക.